മഴ... മാലിന്യം ... തൃക്കാക്കര ചീഞ്ഞുനാറുന്നു
1601710
Wednesday, October 22, 2025 4:36 AM IST
കാക്കനാട്: മഴയെപഴിചാരിമാലിന്യനീക്കംനടത്താതെ തൃക്കാക്കര നഗരസഭ. ഹരിതകർമസേനയിലെ വനിതകൾ 43 ഡിവിഷനുകളിൽ നിന്നായി ശേഖരിച്ചു കൊണ്ടുവരുന്ന ഭക്ഷണാവശിഷ്ടമടക്കമുള്ള ജൈവ മാലിന്യങ്ങൾ നഗരസഭാകാര്യാലയത്തിനു സമീപമുള്ള മാലിന്യസംഭരണിയിൽ കുട്ടിയിട്ടിരിക്കുകയാണ്.
കനത്ത മഴയത്ത് ഇവയെല്ലാം റോഡിലേക്ക് ഒഴുകി പരക്കുന്നതു പതിവായിട്ടും നഗരസഭാ ആരോഗ്യ വിഭാഗം അധികൃതർ വേണ്ടത്ര ജാഗ്രതകാണിക്കുന്നില്ലെന്ന്പ്രതിപക്ഷ കൗൺസിലർമാരും പ്രദേശവാസികളും പറയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റവന്യൂ വരുമാനമുള്ള നഗരസഭയാണ് തൃക്കാക്കരയെങ്കിലും കുറ്റമറ്റ രീതിയിൽ മാലിന്യ സംസ്കരണത്തിന് നാളിതുവരെ ഇവിടെ സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ല.
ഓണക്കാലത്ത് കൊണ്ടുവന്ന് നിക്ഷേപിച്ച ജൈവ മാലിന്യങ്ങളും സംഭരണിയിൽ ചീഞ്ഞഴുകി ദുർഗന്ധം വമിപ്പിക്കുന്നു. ഇതിനിടയിൽ വലിയ കുഴികുത്തി സംഭരണിക്കു സമീപം തന്നെ ഈ ജൈവ മാലിന്യം കുഴിച്ചു മുടാൻ അധികൃതർ നടത്തിയ ശ്രമങ്ങൾ പ്രതിപക്ഷ കൗൺസിലർമാർ ചേർന്ന് തടഞ്ഞു.
മാലിന്യം സംഭരണിക്കു സമീപം കുഴിച്ചുമൂടാൻ നീക്കം നടത്തിയിട്ടില്ലെന്നും, മാലിന്യത്തിൽ നിന്നുള്ള സ്ലറി വെള്ളം റോഡിലേക്കും മറ്റും ഒഴുകിപ്പരക്കാതിരിക്കാൻ വേണ്ടി കുഴികുത്തി അതിലേക്ക് ഒഴുക്കി വിടുകയുമായിരുന്നുവെന്ന് നഗരസഭാധ്യക്ഷ രാധാമണിപ്പിള്ള ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ വർഗീസ് പ്ലാശ്ശേരി എന്നിവർ പറഞ്ഞു.
അതേസമയം കാരണം കൂടാതെ ഹരിത കർമസേനാംഗത്തെ ജോലിയിൽ നിന്നും മാറ്റി നിർത്തിയെന്ന ആരോപണവുമായി പ്രതിപക്ഷ കൗൺസിലർമാരിൽ ചിലരും രംഗത്തുവന്നു. വീടുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും ഭക്ഷണാവശിഷ്ടം എടുക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ള ഹരിത കർമസേനാംഗം ചട്ടവിരുദ്ധമായി പണം വാങ്ങിയെന്നും, കെ സ്മാർട്ടിലടക്കം കബളിപ്പിക്കപ്പെട്ടവപ്പെട്ടവർ പരാതി നൽകിയെന്നും ഇതേ തുടർന്ന് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഒരു വനിതാ അംഗത്തെ ജോലിയിൽ നിന്നും മാറ്റി നിർത്താൻ ആരോഗ്യവിഭാഗംനോട്ടീസ് നൽകിയിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
നഗരസഭയുടെ ലെറ്റർഹെഡിൽ അമിത നിരക്ക് ആവശ്യപ്പെട്ട് ആരോപണവിധേയയായ ഹരിതകർമസേനാംഗം കത്തുനൽകിയെന്നും ഇതു ചട്ടവിരുദ്ധമാണെന്നും നഗരസഭാധ്യക്ഷയും പറയുന്നു.
ഹരിത കർമസേനാംഗങ്ങളുടെ സ്വകാര്യ ഗൂഗിൾ പേ നമ്പറിലേക്ക് പണം സ്വീകരിക്കുന്നതിന് അധികൃതർ അനുമതി നൽകുന്നത് എന്തിനാണെന്ന മറുചോദ്യമാണ് ഇതേക്കുറിച്ചന്വേഷി ച്ചപ്പോൾ ഒരു ഹരിത കർമ്മസേനാംഗം പ്രതികരിച്ചത്.