സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ്: എച്ച്എംടി, എന്‍എഡിഎ ഭൂമി കൈമാറി
1601711
Wednesday, October 22, 2025 4:36 AM IST
കളമശേരി: സീപോർട്ട്- എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ട നിർമാണത്തിനായി എച്ച്എംടിയുടേയും എൻഎഡിയുടേയും ഭൂമി പദ്ധതി നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷന് കൈമാറി.
റോഡ് നിർമാണം രണ്ട് പതിറ്റാണ്ടിലേറെ തടസപ്പെടുന്നതിന് കാരണമായ ഭൂമി പ്രശ്നം ഇതോടെ പൂർണമായി പരിഹരിക്കപ്പെട്ടതായി മന്ത്രി പി. രാജീവ് പറഞ്ഞു. ഈ ഭാഗത്തെ റോഡ് നിർമാണം ഉടനെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ നടത്തിയ നിരന്തരമായ ഇടപെടലിന്റെ ഫലമായാണ് റോഡ് നിർമാണം പൂർത്തിയാക്കാൻ വഴിയൊരുങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.
സീപോർട്ട്- എയർപോർട്ട് റോഡ് നിർമാണത്തിലെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന എച്ച്എംടി മുതൽ എൻഎഡി വരെയുള്ള ഭാഗത്തിനാണ് എച്ച്എംടി ഭൂമി ആവശ്യമായി വന്നത്. തൃക്കാക്കര നോർത്ത് വില്ലേജിലെ ബ്ലോക്ക് അഞ്ചിൽ ഉൾപ്പെട്ട 1.4015 ഹെക്ടർ ഭൂമിയാണ് കൈമാറിയത്. ഭൂമിക്കുള്ള വില സുപ്രീം കോടതി നിർദ്ദേശപ്രകാരം ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഭൂമി ഏറ്റെടുക്കലിനായി അനുവദിച്ച 37,90,90662 രൂപയാണ് ഇപ്രകാരം കൈമാറിയത്. ദേശസാൽകൃത ബാങ്കിൽ തുക കെട്ടിവെക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ സുപ്രീം കോടതി നേരത്തെ അനുവദിച്ചിരുന്നു.
സീപോർട്ട്- എയർപോർട്ട് റോഡ് വികസനത്തിനായി എൻഎഡിയിൽ നിന്ന് വിട്ടു കിട്ടേണ്ട 2 .4967 ഹെക്ടർ ഭൂമിയും കൈമാറി. ഭൂമി വിലയുൾപ്പെടെ 32. 26 കോടി രൂപ സംസ്ഥാന സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. സ്ഥല വിലയായി കേന്ദ്ര പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11 കോടി രൂപയും എൻഎഡി തൊരപ്പ് റോഡ് വീതി കൂട്ടി നിർമിക്കുന്നതിന് 8.16 കോടി രൂപയും ചുറ്റുമതിൽ നിർമാണത്തിന് 99. 43ലക്ഷം രൂപയും ഉൾപ്പെടെയാണ് ധനകാര്യ വകുപ്പ് അനുവദിച്ചിരുന്നത്.
എച്ച്എംടി - എൻഎഡി ഭാഗത്തെ റോഡ് നിർമാണത്തിനായി 17.31 കോടി രൂപയുടെ ഭരണാനുമതി നൽകി കഴിഞ്ഞ മാസം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഭാഗത്തിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. എച്ച്എംടി ഭാഗത്ത് 45 മീറ്റർ വീതിയിൽ 600 മീറ്റർ നീളത്തിലാണ് റോഡ് നിർമിക്കുക.
എൻഎഡിയുടെ ഭാഗത്തെ സ്കെച്ച് നേരത്തെ തയാറാക്കിയതിനാൽ തുടർ നടപടികൾക്ക് കാലതാമസമുണ്ടാവില്ല. ഇതോടൊപ്പം വീതി കൂട്ടി നിർമിക്കുന്ന എൻഎഡി തൊരപ്പ് റോഡിന്റെ ടെൻഡറും ഉടനുണ്ടാകും. എൻഎഡി-മഹിളാലയം ഭാഗത്തിന്റെ ടെൻഡർ ഡിസംബറിൽ പുറപ്പെടുവിക്കും. 6.5 കി.മീറ്റർ ദൈർഘ്യമുള്ള ഈ ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ പൂർത്തീകരണത്തിലേക്ക് എത്തുകയാണ്.