പെരുന്പാവൂർ സ്കൂള്‍ കലോത്സവവേദിയിലേക്ക് എത്തിച്ചേരാനുള്ള റോഡ് തകര്‍ച്ചയില്‍
1601709
Wednesday, October 22, 2025 4:36 AM IST
പെരുമ്പാവൂര്‍: പെരുന്പാവൂർ ഉപജില്ലാ സ്കൂള്‍ കലോത്സവം നടക്കുന്ന വെങ്ങോല ശാലേം സ്കൂളില്‍ എത്തിച്ചേരാനുള്ള ഏക മാര്‍ഗമായ ഓണംകുളം - ഊട്ടിമറ്റം പിഡബ്ല്യൂഡി റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ കലോത്സവ സ്ഥലത്തേക്ക് എത്തിചേരാന്‍ ബുദ്ധിമുട്ടായി. എൺപതില്‍പ്പരം സ്കൂളില്‍ നിന്നായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ കലോത്സവത്തിന് എത്തിച്ചേരും.
30 വര്‍ഷത്തിലേറെയായി റീ ടാറിംഗ് ഉള്‍പ്പടെയുള്ള അറ്റകുറ്റപ്പണികള്‍ നടത്തിയിട്ട്. റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ട് കാല്നടക്ക് പോലും കഴിയാതെ വന്നതിനാല്‍ ബസ് സര്‍വീസുകള്‍ വരെ നിര്‍ത്തിവെച്ചു. ജനങ്ങള്‍ നിരവധി നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും സെക്രട്ടേറിയറ്റ് പടിക്കല്‍ വരെ സമരങ്ങള്‍ നടത്തുകയും ചെയ്തെങ്കിലും ഫലമൊന്നുമുണ്ടായില്ല. മുന്‍ പഞ്ചായത്ത് അംഗം ശിവന് കദളി നവകേരള സദസില്‍ പരാതിയും നല്‍കിയിരുന്നു.
നിരവധി സമരങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് റോഡ് റണ്ണിംഗ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ നവീകരണം നടത്തുന്നതിന് ഒന്നേകാല്‍ കോടിയോളം രൂപ അനുവദിക്കുകയും, റോഡിന്റെ ചില ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ വിരിച്ചു തുടങ്ങുകയും ചെയ്തിരുന്നു. നവകേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉന്നത നിലവാരത്തില്‍ നവീകരിക്കുന്നതിനായി ഏഴ് കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനം ഉണ്ടായതോടെ കട്ടവിരിക്കല്‍ പണി നിര്‍ത്തി വച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും ഏഴ് കോടിയുടെ പദ്ധതി ആരംഭിച്ചില്ല. നടന്നുകൊണ്ടിരുന്ന പ്രവര്‍ത്തി നിര്‍ത്തിയെങ്കിലും പുതിയ പദ്ധതി ആരംഭിക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
ഇതു സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ ഏഴ് കോടിയുടെ പദ്ധതി ടെൻഡര്‍ നടപടികള്‍ പോലും നടത്തിയിട്ടില്ലെന്നാണ് അറിഞ്ഞത്. ഏഴ് കോടി അനുവദിച്ചതും ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ബോര്‍ഡുകള്‍ മല്‍സരിച്ച് വച്ചതൊഴിച്ചാല്‍ മറ്റൊന്നും ഉണ്ടായില്ല. ടെൻഡര്‍ നടപടികള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ കാലതാമസത്തിന് ഇടയാകും.
വെങ്ങോല സര്‍ക്കാര്‍ ആശുപത്രി, മൃഗാശുപത്രി, വെങ്ങോല സ്കൂള്‍ എന്നിവിടങ്ങളിലേക്കുള്ള റോഡാണിത്. നിരവധി ബസ്സുകള്‍ ഈ റോഡിലൂടെ സര്‍വീസ് നടത്തുന്നതാണ്. റോഡ് നവീകരണത്തില്‍ അധികൃതര്‍ അനാസ്ഥ കാണിക്കുന്നു. അവഗണന തുടര്‍ന്നാല്‍ നിര്‍ത്തിവച്ച സമര പരിപാടികള്‍ പുന:രാരംഭിക്കുമെന്ന് മുന്‍പഞ്ചായത്ത് അംഗം ശിവന് കദളി അറിയിച്ചു.