കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുടെ ഒളിയമ്പ് : ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞ് മറുപടി
1601693
Wednesday, October 22, 2025 4:11 AM IST
കൊച്ചി: രണ്ടു പതിറ്റാണ്ട് മുടങ്ങിയും ഇഴഞ്ഞും നീങ്ങിയ കൊച്ചി കോര്പറേഷന് പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണ പൂര്‍ത്തീകരണത്തിന്റെ ക്രെഡിറ്റ് തനിക്കോ ഈ കൗണ്‍സിലിനോ മാത്രം അവകാശപ്പെട്ടതല്ലെന്ന് മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞ അതേ വേദിയില്‍ കോൺഗ്രസിനെതിരേ മുഖ്യമന്ത്രിയുടെ ഒളിയമ്പ്. അതിനു കോണ്‍ഗ്രസ് മറുപടി നല്കിയാകട്ടെ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് എടുത്തു പറഞ്ഞും.
കോര്പറേഷന് എല്‍ഡിഎഫ് ഭരണ സമിതി കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ചെയ്ത വികസന പ്രവര്‍ത്തനങ്ങളായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത്. 2006ല്‍ പുതിയ കോര്പറേഷന് ആസ്ഥാന മന്ദിരത്തിനായി സ്ഥലം വാങ്ങുമ്പോള്‍ എത്രയും വേഗം നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ നിശ്ചയിച്ച സമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. മുടങ്ങിയതിന്റെ കാരണങ്ങള്‍ ഇപ്പോള്‍ വിശദീകരിക്കേണ്ടതില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 30 ലക്ഷം വില ഉണ്ടായിരുന്ന ഭൂമി ജിസിഡിഎയില്‍ നിന്ന് ഒരു ലക്ഷം രൂപയ്ക്ക് വാങ്ങി നല്‍കിയത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്നും ഡിപിആറിലെ പിഴവ് മൂലം ഉണ്ടായ തടസം പരിഹരിക്കാന്‍ തുക വര്‍ധിപ്പിച്ചുള്ള എസ്റ്റിമേറ്റ് അംഗീകാരിച്ചത് കോണ്‍ഗ്രസ് ഭരണകാലത്താണെന്നുമാണ് മുഖ്യമന്ത്രിക്ക് മറുപടിയായി ഹൈബി ഈഡന് എംപി പറഞ്ഞത്.
തുടര്‍ന്ന് പ്രസംഗിച്ച മന്ത്രി പി.രാജീവും യുഡിഎഫ് ഭരണസമിതികളെ "കുത്തി' സംസാരിച്ചു. ആസ്ഥാന മന്ദിര നിര്‍മാണത്തില്‍ അവകാശം ഉന്നയിക്കുന്നവര്‍ നിര്‍മാണം മുടങ്ങിയതിന്റെ ഉത്തരവാദിത്വംകൂടി ഏറ്റെടുക്കണമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ഇതിനുള്ള മറുപടി കൂടിയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിച്ചുകൊണ്ടുള്ള ഹൈബി ഈഡന്റെ പ്രസംഗം. നിര്‍മാണത്തിന് തുടക്കമിട്ട് സ്ഥാപിച്ച ഫലകം കണ്ടെടുത്ത് പുതിയ ആസ്ഥാന മന്ദിരത്തിനു മുന്നില്‍ തന്നെ പ്രദര്‍ശിപ്പിക്കണമെന്ന് തുടര്‍ന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് എംഎല്‍എമാരും ആവശ്യപ്പെട്ടു.