റെയില്‍വേ പാലത്തിനു താഴെ അവശനിലയില്‍ കണ്ടെത്തിയ ആളെ ആശുപത്രിയിലാക്കി
1601686
Wednesday, October 22, 2025 4:10 AM IST
കൊച്ചി: എറണാകുളം വെണ്ടുരുത്തി റെയില്‍വേ പാലത്തിനു താഴെ അവശനിലയില്‍ കണ്ടെത്തിയ ആളെ ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. കന്യാകുമാരി സ്വദേശി പി.എഫ്. ഷാജി(59)യെയാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് മാനസികപ്രശ്നമുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ 10.50നാണ് റെയില്‍വേ പാലത്തിലെ പില്ലര്‍ ആറിനു താഴെ ഒരാള്‍ അവശനിലയില്‍ കിടക്കുന്ന വിവരം പോലീസ് കണ്ട്രോള് റൂമില്‍ എത്തിയത്. ഉടന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അവിടെ എത്തിയെങ്കിലും കായലിനു കുറുകെയുള്ള റെയില്‍പ്പാലത്തിന്റെ തൂണിലെ ഇടുങ്ങിയ സ്ഥലത്ത് അബോധാവസ്ഥയില്‍ കിടന്നിരുന്ന ആളെ അവിടെ നിന്ന് പുറത്തെത്തിക്കുക ദുഷ്കരമായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. 11.15ഓടെ മട്ടാഞ്ചേരി, ക്ലബ് റോഡ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് അംഗങ്ങള്‍ വടംകെട്ടി റെയില്‍വേ പാലത്തിന്റെ താഴെയിറങ്ങി.
തുടര്‍ന്ന് വലയില്‍ ഇരുത്തി റോപ്പിലൂടെ വലിച്ച് അര മണിക്കൂറിനകം ഇദ്ദേഹത്തെ പാലത്തിനു മുകളില്‍ എത്തിക്കുകയായിരുന്നു. പോലീസ്, ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ബന്ധുക്കള്‍ ആരുമില്ലെന്നാണ് ഷാജി പോലീസിനോട് പറഞ്ഞത്.