വേദി കണ്ടും നിയമാവലി കേട്ടും ഞെട്ടി മത്സരാർഥികൾ; കളരിപ്പയറ്റിൽ കല്ലുകടി
1601537
Tuesday, October 21, 2025 2:58 AM IST
തൃപ്പൂണിത്തുറ: സ്കൂൾ ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായി മത്സരയിനമാക്കിയ കളരിപ്പയറ്റിൽ സർവത്ര കല്ലുകടി. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിനൊപ്പം സ്കൂൾ തല കളരിപ്പയറ്റിന്റെ ഉപജില്ലാ, ജില്ലാ മത്സരങ്ങൾ നടത്തിയതും നിയമാവലിയിലെ ആശയക്കുഴപ്പവുമാണ് തർക്കത്തിലും ബഹളത്തിലും കലാശിച്ചത്.
സ്കൂൾ ഗെയിംസിന്റെ ഭാഗമായ കളരിപ്പയറ്റ് മത്സരം ഉപജില്ലാ തലത്തിലുള്ളത് ഇന്നലെ രാവിലെയും ജില്ലാ തലത്തിലുള്ളത് ഉച്ചയ്ക്ക് ശേഷവും തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നടക്കുമെന്നായിരുന്നു കുട്ടികളെയും രക്ഷിതാക്കളെയും അറിയിച്ചിരുന്നത്. ഇതനുസരിച്ച് രാവിലെ ഒമ്പതിന് തുടങ്ങുമെന്നറിയിച്ചിരുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് വിദ്യാർഥികൾ നേരത്തെ തന്നെയെത്തിയിരുന്നു.
ഇവിടെയെത്തിപ്പോഴാണ് എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ ഇന്നലെ നടക്കുന്ന ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിനൊപ്പമാണ് സ്കൂൾ ഗെയിംസ് മത്സരങ്ങളും നടക്കുന്നതെന്നറിഞ്ഞത്. വേദിയിൽ സംഘാടകരെ കാണാതെ വിഷമത്തിലായ കുട്ടികളും രക്ഷിതാക്കളും ബഹളം വച്ചപ്പോഴാണ് 10.30 ഓടെ രജിസ്ട്രേഷൻ തുടങ്ങിയത്.
സ്കൂൾ കായികമേളയിൽ അണ്ടർ 17, 19 വിഭാഗങ്ങളിൽ ചുവടുകൾ, മെയ് പയറ്റ്, നെടുപടി പയറ്റ് എന്നീയിനങ്ങളിൽ മത്സരങ്ങൾ, സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ നിഷ്ക്കർഷിച്ചിരിക്കുന്ന നിയമാവലി പാലിച്ചാണ് നടത്തേണ്ടതെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഉപജില്ലാ മത്സരങ്ങൾ തുടങ്ങാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ ഇവന്റ്സ് റൂൾ ബുക്ക് പ്രകാരമാണ് മത്സരങ്ങൾ നടക്കുന്നതെന്ന വിവരം കുട്ടികളറിഞ്ഞത്.
മൂവ്മെന്റ് സിലബസ് ഇല്ലാത്ത ഒരിടത്തും പബ്ലിഷ് ചെയ്തിട്ടില്ലാത്ത ഈ നിയമപ്രകാരം വിധി നിർണയിക്കാൻ സാധിക്കില്ലെന്നും വിവേചനപരമായ വിധി നിർണയത്തിന് സാധ്യതയുണ്ടെന്നും സ്കൂൾ കുട്ടികൾ വാദിച്ചു. അതേസമയംതന്നെ കളരിപ്പയറ്റ് അസോസിയേഷന്റെ കീഴിൽ പരിശീലനം നടത്തുന്ന കുട്ടികൾക്ക് സ്കൂൾ ഗെയിംസിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്നും ആക്ഷേപമുയർന്നു.
ഇതേച്ചൊല്ലി കൂത്തമ്പലം മത്സരവേദിയിൽ പലതവണ ബഹളമുണ്ടായതിനെ തുടർന്ന് ഹിൽപാലസ് പോലീസും സ്ഥലത്തെത്തി. ഉപജില്ലാ മത്സരങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് മുതൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന്റെ യോഗവും നടന്നതിന് ശേഷമാണ് ജില്ലാതല മത്സരങ്ങൾ തുടങ്ങിയത്. ഇതിനിടെ മത്സരത്തിന് എത്തിയ പല വിദ്യാർഥികളും മത്സരിക്കാതെ തിരിച്ചു പോയി. സംസ്ഥാന സ്കൂൾ ഗെയിംസിന് കൊടി ഉയരാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴാണ് ജില്ലാതല മത്സര നടത്തിപ്പ് വിവാദത്തിലായത്. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കുട്ടികൾ പരാതി നൽകിയിട്ടുണ്ട്.