ഓഞ്ഞിത്തോട് കൈയേറ്റം : നാല് ചെറുപാലങ്ങൾ പൊളിച്ചു മാറ്റുന്നു
1601704
Wednesday, October 22, 2025 4:36 AM IST
ആലുവ: കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ഓഞ്ഞിത്തോട് കൈയേറി പൊതുമരാമത്ത് വിഭാഗം നിർമിച്ച നാല് പാലങ്ങൾ പൊളിച്ചുകളയണമെന്ന ഓഞ്ഞിത്തോട് സംരക്ഷണ സമിതിയുടെ വർഷങ്ങളായുള്ള ആവശ്യം നടപ്പിലാക്കുന്നു.
ആദ്യഘട്ടത്തിൽ ഏലൂക്കര-കയൻറിക്കര പാലമാണ് ഉടൻ തന്നെ പൊളിച്ചുപണിയുന്നത്. ഇതിനായി പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന (പിഎംജിഎസ്വൈ) പദ്ധതി വഴിയാണ് ചെലവ് കണ്ടത്തുന്നത്.
കടുങ്ങല്ലൂർ പഞ്ചായത്തിലെ ഏലൂക്കര വരട്ടുപുഴയിൽ നിന്ന് ആരംഭിച്ച് ആലങ്ങാട് പഞ്ചായത്ത് വഴി കടുങ്ങല്ലൂർ പഞ്ചായത്തിലെ എടയാർ മേഖലയിലെ പെരിയാറിൽ തിരികെ ചേരുന്ന തോടിന് ഏകദേശം 7.5 കിലോമീറ്റർ ആണ് നീളം. 2022 മാർച്ചിൽ നടത്തിയ സർവേയിൽ മൂന്ന് ഏക്കറോളം തിരിച്ചു പിടിച്ചിരുന്നു. എന്നാൽ അതിർത്തിക്കല്ലിടാൻ വീണ്ടും രണ്ടു വർഷമെടുത്തു. പാലങ്ങൾ, കെട്ടിടങ്ങൾ, കലുങ്കുകൾ, വൃക്ഷങ്ങൾ, മതിലുകൾ തുടങ്ങിയവ ഇനി പൊളിച്ചു നീക്കേണ്ടതുണ്ട്.
40 മീറ്ററിലുണ്ടായിരുന്ന തോടിന് ഇപ്പോൾ നാലു മീറ്ററാണ് വീതി. പഴയപടിയാക്കാൻ കൈയേറ്റം ഒഴിവാക്കുക മാത്രമല്ല ആഴവും കൂട്ടണം.
പായലും അഴുക്കും എക്കലും മാലിന്യവും നീക്കി ഇരുവശത്തും പാർശ്വഭിത്തി കെട്ടാനും സർക്കാരിന് പദ്ധതിയുണ്ട്. പുനരുദ്ധാരണ പ്രവർത്തികൾക്കായി മന്ത്രി പി. രാജീവ് 1.4 കോടി രൂപ അനുവദിച്ചിട്ടുണ്ട്.