അമ്മത്തൊട്ടിലിനു സമീപം ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് ആശുപത്രിയില്‍ തന്നെ
1601688
Wednesday, October 22, 2025 4:10 AM IST
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിക്ക് സമീപത്തുള്ള അമ്മത്തൊട്ടിലിനടുത്ത് ഉപേക്ഷിക്കപ്പെട്ട ആണ്‍കുഞ്ഞ് ആശുപത്രിയില്‍ തുടരുന്നു. നിലവില്‍ കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല, ജനറല്‍ ആശുപത്രിയിലെ മുലപ്പാല്‍ ബാങ്കില്‍നിന്ന് കുഞ്ഞിന് പാല് കൊടുക്കുന്നുണ്ട്. മൂന്നുദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടിവരും.
അതിനുശേഷം സിഡബ്ല്യുസിക്ക് കൈമാറും. പിന്നീട് സ്പെഷലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സിക്ക് കൈമാറും. മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി നിശ്ചിത സമയപരിധിക്ക് ശേഷം അവകാശികള്‍ ആരും എത്തിയില്ലെങ്കില്‍ ദത്ത് നല്‍കാനുള്ള നടപടികളിലേക്ക് നീങ്ങും.
തിങ്കളാഴ്ച രാവിലെ 6.30ഓടെയാണ് അമ്മത്തൊട്ടിലിനരികിലെ പ്ലാവിന്‍ചുവട്ടില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ ജനറല്‍ ആശുപത്രിയിലെ കാവല്ക്കാരന് കെ. വിഷ്ണു കുഞ്ഞിനെ കണ്ടെത്തിയത്. 2.60 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ ഉടന്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.