മുടക്കുഴയിൽ വൈസ് പ്രസിഡന്റ് അവിശ്വാസത്തിൽ പുറത്ത്
1602121
Thursday, October 23, 2025 4:14 AM IST
പെരുമ്പാവൂർ : മുടക്കുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത ജെയ്മോനെതിരെ ഭരണകക്ഷിയായ യുഡിഎഫിലെ ചില അംഗങ്ങളും സിപിഎമ്മും ചേർന്ന് അവതരിപ്പിച്ച അവിശ്വാസം പാസായി. യുഡിഎഫ് അംഗം ഡോളി ബാബു അവതരിപ്പിച്ച അവിശ്വാസത്തിലാണ് രജിത ജയ്മോന് പുറത്തായത്.
എളമ്പകപ്പിള്ളി സൗത്ത് വാര്‍ഡിലെ കോണ്‍ഗ്രസ് അംഗമാണ് രജിത. 13 അംഗ ഭരണസമിതിയിലെ ഏഴുപേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. ആറുപേര്‍ വിട്ടുനിന്നു. ബ്ലോക്ക് സെക്രട്ടറി എം.ജി. രതിയായിരുന്നു വരണാധികാരി. രജിതയ്ക്കെതിരേയുള്ള അവിശ്വാസത്തെ അനുകൂലിച്ച മുൻ വൈസ് പ്രസിഡന്റ് റോഷ്നി എൽദോയെ യുഡിഎഫ് പുറത്താക്കി.
നിലവിലെ പ്രസിഡന്റ് യുഡിഎഫിലെ പി.പി. അവറാച്ചനെതിരെ യുഡിഎഫിലെ തന്നെ രജിത ഉൾപ്പടെയുള്ള ആറ് അംഗങ്ങളും സിപിഎം അംഗങ്ങളും ചേർന്ന് ഒരു മാസം മുൻപ് അവിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ രജിത ഉൾപ്പടെ മൂന്ന് അംഗങ്ങളെ യുഡിഎഫ് നേതൃത്വം ഇടപെട്ട് പിന്തിരിപ്പിച്ചിരുന്നു. അതിനാൽ അന്ന് അവറാച്ചനെതിരേ കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെടുകയായിരുന്നു.
ഇതിന്റെ പകപോക്കൽ എന്ന നിലയിലാണ് ഇന്നലെ രജിതയ്ക്കെതിരേ അവിശ്വാസം കൊണ്ടുവന്നത്. പഞ്ചായത്ത് ഭരണസമിതിയിൽ യുഡിഎഫിന് ഒൻപതും സിപിഎമ്മിന് മൂന്നും ബിജെപിക്ക് ഒരംഗവുമാണുള്ളത്. പ്രസിഡന്റിനെതിരേ അവിശ്വാസം കൊണ്ടുവന്ന മൂന്നു പേരെ യുഡിഎഫ് നേരത്തെ പുറത്താക്കിയിരുന്നു.