റോ റോ കട്ടപ്പുറത്ത് തന്നെ; ഫോർട്ടുകൊച്ചി- വൈപ്പിൻ റൂട്ടിൽ യാത്രാക്ലേശം രൂക്ഷം
1601712
Wednesday, October 22, 2025 4:36 AM IST
ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചി വൈപ്പിൻ സർവീസ് നടത്തുന്ന സേതു സാഗർ ഒന്ന് യന്ത്രത്തകരാറിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചതോടെ ഫോർട്ട് കൊച്ചി-ഫോർട്ട് വൈപ്പിൻ റൂട്ടിൽ റോറോ സർവീസിനെ ആശ്രയിക്കുന്നവര്‍ ദുരിതത്തിലായി.
ഫോർട്ടുകൊച്ചി റോറോ ജെട്ടിയിൽ നിന്നും ആസ്പിൻ വോൾ വരെയും ഫോർട്ട് വൈപ്പിൻ ജെട്ടിയിൽ നിന്നും ഗോശ്രീ പാലം വരെയും മണിക്കൂറുകൾ ക്യൂവിൽ കിടക്കുന്ന വാഹനങ്ങൾ മൂലം വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
അടിയന്തരമായി റോറോയുടെ അറ്റകുറ്റപ്പണികൾ നടത്തി റോറോ സർവീസ് ആരംഭിക്കണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ ആവശ്യപ്പെട്ടു.
റോറോ സർവീസുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിക്കുന്നതിന് കോർപറേഷൻ നിയോഗിച്ച ചാർട്ടേഡ് അക്കൗണ്ടന്റ് കണക്കുകൾ പൂർണമല്ലെന്നും കെഎസ്ഐഎൻസി കണക്കുകളിൽ പൊരുത്തക്കേട് ഉണ്ടെന്നുറിപ്പോർട്ട് നൽകിയതായും പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ ആരോപിച്ചു. കൊച്ചി നഗരസഭയുടെ റോറോ സർവീസ് കോർപറേഷൻ ഏറ്റെടുത്ത് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.