കനത്ത മഴ: കിണറും മതിലും ഇടിഞ്ഞുവീണു
1602110
Thursday, October 23, 2025 4:06 AM IST
കോതമംഗലം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയില്‍ കോതമംഗലം കുടമുണ്ടയില്‍ വീട്ടുമുറ്റത്തെ കിണറും മതിലും ഇടിഞ്ഞുവീണു. കുന്നുംപുറത്ത് ശശിയുടെ വീട്ടിലെ കിണറും മതിലുമാണ് ഇടിഞ്ഞുവീണത്.
സമീപത്തെ പറമ്പില്‍ നിന്നും മഴവെള്ളം എത്തിയതോടെ ഏകദേശം ആറടി ഉയരമുള്ള മതില് 50 അടി നീളത്തിലാണ് ഇടിഞ്ഞുവീണത്. ഇതോടെ മുറ്റത്തെ കിണറിന്റെ കെട്ടും മോട്ടോറുമടക്കം കിണറിനുള്ളിലേക്ക് വീണു.
25 അടിയോളം താഴ്ചയുണ്ടായിരുന്ന കിണര്‍ പകുതിയും മൂടിപ്പോയ നിലയിലാണ്. നഷ്ടപരിഹാരമാവശ്യപ്പെട്ട് പല്ലാരിമംഗലം വില്ലേജില്‍ അപേക്ഷ നല്‍കിയെങ്കിലും പഞ്ചായത്തില്‍ അപേക്ഷ നല്കാന് അധികൃതര്‍ ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്ന് പല്ലാരിമംഗലം പഞ്ചായത്ത് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് വീട്ടുടമ പറഞ്ഞു.