തേവര-പേരണ്ടൂർ കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു
1592073
Tuesday, September 16, 2025 7:00 AM IST
ഫോർട്ടുകൊച്ചി: കോടതി നിരീക്ഷണത്തിലുള്ള തേവര പേരണ്ടൂർ കനാലിൽ ശുചിമുറി മാലിന്യം തള്ളുന്നതായി ആക്ഷേപം. നിരവധി തവണ കോർപറേഷനു പരാതി നല്കിയിട്ടും അധികൃതർ നോക്കുകുത്തിയായി മാറുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ജലസ്രോതസുകൾ മലിനമാക്കുന്നവർക്ക് മൂന്നുവർഷം തടവോ, രണ്ടു ലക്ഷം പിഴയോ, ഇവ ഒരുമിച്ചോ ശിക്ഷ ലഭിക്കുമെന്ന നിയമപരമായ മുന്നറിയിപ്പ് ഇവിടെ പ്രദർശിപ്പിച്ചിട്ടും ഇതൊന്നും വിലമതിക്കാതെയാണ് കനാലിൽ മാലിന്യനിക്ഷേപം പതിവായിരിക്കുന്നത്. നഗരത്തിൽ നൂറുകണക്കിനു കാമറകൾ സ്ഥാപിച്ചിട്ടും കനാലിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ കഴിയാതെപോകുന്നത് പരിശോധിക്കണമെന്നും കോർപറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ആവശ്യപ്പെട്ടു.
വെള്ളക്കെട്ട് നിവാരണത്തിന് ബ്രേക്ക് ത്രൂ പദ്ധതി, ചെളി നീക്കംചെയ്യൽ എന്നിങ്ങനെ കോടിക്കണക്കിന് രൂപ കനാൽ നവീകരണ പ്രവർത്തനങ്ങൾക്കു ചെലവഴിക്കുമ്പോഴുമാണ് പേരണ്ടൂർ കനാലിലേക്ക് ശുചിമുറി മാലിന്യം തള്ളൽ തുടരുന്നത്.
കോടതി നേരിട്ട് പരിസ്ഥിതി മലിനീകരണ നിയന്ത്രണ വകുപ്പിനും എൻജിനീയറിംഗ് വിഭാഗത്തിനും നഗരസഭാ ഹെൽത്ത് വിഭാഗത്തിനും നിർദേശങ്ങൾ നൽകിയിട്ടും തേവര പേരണ്ടൂർ കനാലിന്റെ സ്ഥിതി പരിതാപകരമായി തുടരുന്നത് ഭരണപരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.