ഓൺലൈനിലൂടെ കോടിയിലേറെ രൂപ തട്ടിയെടുത്ത ബംഗാൾ സ്വദേശിനി പിടിയിൽ
1507943
Friday, January 24, 2025 3:52 AM IST
കാക്കനാട്: ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന കേര ഫൈബർ ടെക്സ് എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ കബളിപ്പിച്ച് ഒരു കോടി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പശ്ചിമ ബംഗാൾ സ്വദേശിനി സുതപമിശ്ര ചാറ്റർജി(54)യെ ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ സജീവ് കുമാറും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കമ്പനിയുമായി ഇടപാടുകളുള്ള മറ്റൊരു സ്ഥാപനത്തിന്റേതിനു സമാനമായ വ്യാജ ഇ- മെയിൽ സന്ദേശം അയച്ച് തെറ്റിദ്ധരിപ്പിച്ച് പ്രതിയുടെ അക്കൗണ്ടിലേക്ക് 2024 ഒക്ടോബർ, നവംബർ മാസങ്ങളിൽ ഒരു കോടി അഞ്ചു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയായിരുന്നു.
പ്രതി പശ്ചിമ ബംഗാൾ ജില്ലയിലെ ജാൽഡ ഗ്രാമത്തിലെ ഇംഗ്ലീഷ് മീഡിയം ഗേൾസ് ഹൈസ്കൂളിലെ അധ്യാപികയാണ്. പശ്ചിമ ബംഗാൾ പോലീസിന്റെ സഹായത്തോടെ വീടുവളഞ്ഞ് അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്.