പൂണിത്തുറയിൽ സിഐടിയു യോഗത്തിൽ തർക്കം
1484721
Friday, December 6, 2024 3:32 AM IST
കൊച്ചി: പൂണിത്തുറയിലെ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) പാർട്ടി ഏറ്റെടുത്തു. സിപിഎം നേതാക്കളായ സി.എം. ദിനേശ് മണിയുടെയും ടി.സി. ഷിബുവിന്റെയും സാന്നിധ്യത്തിൽ വ്യാഴാഴ്ച വൈകിട്ട് പൂണിത്തുറയിലെ സുഭാഷ് മന്ദിരത്തിൽ നടന്ന യോഗത്തിലാണ് പാർട്ടി നടപടിയുണ്ടായത്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗമായ ടി.സി. ഷിബുവിനെയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. സിഐടിയു ഭാരവാഹികളെ തെരഞ്ഞെടുക്കാനായി നടന്ന ജനറൽ ബോഡി യോഗത്തിൽ ചില അംഗങ്ങളെ ഭാരവാഹികളാക്കുന്നതിൽ എതിർപ്പുണ്ടായതായും വാക്ക് തർക്കവും കസേരയേറുമുണ്ടായതായി പറയപ്പെടുന്നു.
അഴിമതി ആരോപണങ്ങളെ തുടർന്ന് ചമ്പക്കര സിഐടിയുവിന്റെ നേതൃസ്ഥാനത്ത് നിന്നുള്ളവരെ മാറ്റി വൈറ്റില ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇവരെ മാറ്റി വീണ്ടും ആരോപണ വിധേയരെ നേതൃസ്ഥാനത്ത് കൊണ്ടു വരാനുള്ള നീക്കമാണ് തർക്കത്തിലെത്തിയതെന്ന് പറയുന്നു.
ഒന്നര മാസം മുൻപ് ലോക്കൽ കമ്മറ്റി യോഗത്തിലും അഴിമതിയാരോപിതരുടെ പേരിലുണ്ടായ തർക്കം കൂട്ടയടിയിലെത്തിയിരുന്നു. പിന്നീട് പാർട്ടി ലോക്കൽ കമ്മിറ്റി പിരിച്ചു വിടുകയും ചിലരെ പുറത്താക്കുകയും ചെയ്തിരുന്നു. അഡ്ഹോക്ക് കമ്മിറ്റിയുടെ കീഴിലാണ് നിലവിൽ പൂണിത്തുറ ലോക്കൽ കമ്മിറ്റി. ഏതായാലും പൂണിത്തുറയിലെ തുടർച്ചയായുള്ള തർക്കങ്ങളും മറ്റും അടുത്ത ദിവസങ്ങളിൽ കാക്കനാട് കെന്നഡി മുക്കിൽ നടക്കുന്ന സിപിഎം തൃക്കാക്കര ഏരിയാ സമ്മേളനത്തിൽ ചർച്ചയാകും.