സ്കൂട്ടറിനുള്ളിൽ ഉഗ്രവിഷമുള്ള പാന്പ്
1466860
Wednesday, November 6, 2024 2:05 AM IST
പിറവം: നഗരത്തിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിനുള്ളിൽ കയറിപ്പറ്റിയ ഉഗ്രവിഷമുള്ള പാന്പിനെ പുറത്തെടുത്തു. പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം നവീൻ മാർട്ട് സ്ഥാപനം നടത്തുന്ന വത്സകുമാറിന്റെ സ്കൂട്ടറിന്റെ ടയറിന്റെ ഭാഗത്താണ് പാന്പിനെ കണ്ടെത്തിയത്. റോഡ് സൈഡിലാണ് സ്കൂട്ടർ പാർക്ക് ചെയ്തിരുന്നത്.
ഇന്നലെ രാവിലെ 11.30ഓടെയാണ് സ്കൂട്ടറിന്റെ പിന്നിലെ ടയറിന്റെ ഭാഗത്തായി പാന്പിന്റെ വാൽ വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. കണ്ടെത്തിയത് അണലി വിഭാഗത്തിൽപ്പെട്ട പച്ചനിറത്തിലുള്ള പിറ്റ് വൈപ്പർ പാന്പാണെന്നാണ് വിവരം.
സംഭവമറിഞ്ഞ് നാട്ടുകാർ തടിച്ചു കൂടിയതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പോലീസിനെ വിവരമറിയിച്ചെങ്കിലും ആരും എത്തിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. തുടർന്ന് അഗ്നിരക്ഷാ സേനയെ വിളിച്ചെങ്കിലും പാന്പിനെ പിടികൂടാൻ സംവിധാനമില്ലെന്ന കാരണത്താൽ അവരുമെത്തിയില്ല. ഒടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ അവിടെയെത്തിയ ഒരു യുവാവ് സാഹസികമായി പാന്പിനെ പിടിച്ച് ചാക്കിലാക്കി. മൂവാറ്റുപുഴയിൽ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പാന്പിനെ കൊണ്ടുപോയി.
വളരെ അപൂർവമായി കണ്ടുവരുന്ന പിറ്റ് വൈപ്പർ എന്ന ഉഗ്രവിഷമുള്ള പാന്പ് ഉൾക്കാടുകളിലാണ് കണ്ടുവരുന്നത്. നാട്ടിൻ പുറങ്ങളിൽ ഇതിന്റെ സാന്നിധ്യം ഉണ്ടാകാറില്ലെന്ന് പറയുന്നു.