യന്ത്രത്തകരാർ കൊച്ചിയിൽനിന്നു പോയ മൽസ്യബന്ധന ബോട്ട് ഒഴുകിയെത്തിയത് ഒമാൻ തീരത്ത്
1458550
Thursday, October 3, 2024 3:01 AM IST
വൈപ്പിൻ: കൊച്ചിയിൽ നിന്നു മത്സ്യബന്ധനത്തിനു പോയ തമിഴ്നാട് ബോട്ട് യന്ത്രത്തകരാറിനെ തുടർന്ന് എട്ടു ദിവസം കടലിൽ ഒഴുകിനടന്നു. ഒടുവിൽ ഒമാൻ അതിർത്തി തൊട്ട ബോട്ടിനെ അതുവഴി വന്ന ഒരു ദുബായ് കപ്പൽ കണ്ടെത്തിയതിനാൽ ബോട്ടിലെ 12 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനായി.
കപ്പൽ ജീവനക്കാർ കോസ്റ്റ് ഗാർഡുമായി ബന്ധപ്പെട്ടതിനെ തുടർന്ന് കോസ്റ്റ് ഗാർഡും മറൈൻ റസ്ക്യൂ കോർഡിനേഷൻ സെന്ററും ചേർന്ന് മറ്റൊരു കപ്പലിൽ എല്ലാവരെയും കൊച്ചിയിലെത്തിച്ച് ഫിഷറീസ് അധികൃതർക്ക് കൈമാറി. തൊഴിലാളികൾ തമിഴ്നാട്ടുകാരായിരുന്നതിനാൽ ഇവരെ തമിഴ്നാട് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.
തമിഴ്നാട് കന്യാകുമാരി സ്വദേശി അരുളപ്പന്റെ അലങ്കാര മാതാ എന്ന ബോട്ടാണ് ഒമാൻ തീരംവരെ എത്തിയത്. അരുളപ്പനെ കൂടാതെ അലൻ(39), സർജൻ(47),ജോൺ റോസ്(68), നാഗപട്ടണം സ്വദേശികളായ ശബരി(25) ,
മണികണ്ഠൻ കുമാർ(26), മണികണ്ഠൻ കലൈമണി (36), മയിലാടുതുറൈ ആകാഷ് (22), ഗുഡല്ലൂർ സ്വദേശി നവീൻ(23), പോണ്ടിച്ചേരി സ്വദേശികളായ ഭരത് രാജ്(27), സുധീർ(36), ഒഡീഷ സ്വദേശി ഹോമന്ത മുതലി(22) എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ മാസം 10ന് കൊച്ചി തോപ്പുംപടി ഹാർബറിൽ നിന്നാണ് ബോട്ട് പുറപ്പെട്ടത് . അഞ്ചു ദിവസത്തെ തുടർച്ചയായ യാത്രയ്ക്കു ശേഷം രണ്ടുദിവസം മത്സ്യബന്ധനത്തിൽ ഏർപ്പെട്ടു. മൂന്നാം ദിവസം രാത്രി എൻജിൻ പ്രവർത്തനരഹിതമായി. എൻജിൻ റൂമിൽ വെള്ളവും കയറി. ഇതോടെ ബോട്ട് നിയന്ത്രണം വിട്ട് കടലിൽ ഒഴുകാൻ തുടങ്ങി. ദിവസങ്ങളോളം കടലിൽ എങ്ങോട്ടെന്നില്ലാതെ ഒഴുകിയ ബോട്ടിനെ 26ന് യുഎഫ്എൽ ദുബായ് എന്ന കപ്പൽ ജീവനക്കാരാണ് കണ്ടത്.
തൊഴിലാളികൾക്ക് വെള്ളവും ഭക്ഷണവും നൽകിയ കപ്പൽ ജീവനക്കാർ വിവരം ഇന്ത്യൻ കോസ്റ്റ്ഗാർഡ്, എംആർസിസി( മറൈൻ റസ്ക്യൂ കോ -ഓർഡിനേഷൻ സെന്റർ) എന്നിവരെ വിവരമറിയിച്ചു. ഇതിനിടെ എൻജിൻ തകരാർ പരിഹരിക്കുന്നതിന് വേണ്ടിയുള്ള ശ്രമം വിഫലമായി. ഇതോടെ ജീവൻ രക്ഷിക്കാനായി ബോട്ടും അതിലുണ്ടായിരുന്ന എട്ടു ലക്ഷം രൂപയുടെ മത്സ്യവും കടലിൽ ഉപേക്ഷിക്കേണ്ടിവന്നു.
മുംബൈ എംആർസിസി നിർദേശിച്ചതിനെ തുടർന്ന് കൈല ഫോർച്യൂൺ എന്ന കപ്പലിൽ കയറ്റി തൊഴിലാളികളെ കൊച്ചിയിലേക്ക് അയച്ചു . ചൊവ്വാഴ്ച രാത്രി കൊച്ചി തീരത്ത് ഔട്ടർ ആങ്കറേജിൽ എത്തിയ കപ്പലിൽ നിന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നിർദേശപ്രകാരം തൊഴിലാളികളെ കേരള ഫിഷറീസ് വകുപ്പ് ഏറ്റുവാങ്ങി.
കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ്, കസ്റ്റംസ് എന്നിവരും ഉണ്ടായിരുന്നു. കരയിലെത്തിച്ച് പ്രാഥമിക വൈദ്യപരിശോധന നടത്തി.
മറ്റു നടപടികളും പൂർത്തിയാക്കി 12 പേരെയും തമിഴ്നാട് ഫിഷറീസ് വകുപ്പിന് വിട്ടുനല്കി. ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ പി. അനീഷ് , മറൈൻ എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ മഞ്ജിത്ത് ലാൽ അസിസ്റ്റന്റ് ഫിഷറീസ് ഉദ്യോഗസ്ഥൻ ഡോ. വിനു ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കി തൊഴിലാളികളെ കൈമാറിയത്.