ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
1454290
Thursday, September 19, 2024 3:18 AM IST
കൊച്ചി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപി നേതാക്കളുടെ കൊലവിളിയില്‍ പ്രതിഷേധിച്ച് കെപിസിസിയുടെ ആഹ്വാന പ്രകാരം ഡിസിസിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് ബിജെപി കാലങ്ങളായി ലക്ഷ്യംവയ്ക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇതിനെതിരേ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നടത്തുന്ന പ്രതിരോധം ബിജെപി നേതാക്കളില്‍ സൃഷ്ടിക്കപ്പെടുന്ന അസഹിഷ്ണുത ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന് അതേ നാണയത്തില്‍ മറുപടി നല്കുവാന് ബിജെപിക്ക് കഴിയുന്നില്ല. അതിലുള്ള ജാള്യത മറക്കുവാനാണ് ഇത്തരത്തിലുള്ള ഭീഷണികള്‍ മുഴക്കുന്നത്. രാജ്യത്തിന്റെ മതേതര സമൂഹം രാഹുല്‍ ഗാന്ധിയെ സംരക്ഷിക്കുമെന്നും ബിജെപിയുടെ വിഭാഗീയ രാഷ്ട്രീയത്തെ തള്ളിക്കളയുമെന്നും അബ്ദുള്‍ മുത്തലിബ് കൂട്ടിച്ചേര്‍ത്തു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എംഎല്‍എ, യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന്, നേതാക്കളായ എന്‍. വേണുഗോപാല്‍, ജയ്സന് ജോസഫ്, ഐ.കെ .രാജു എന്നിവര്‍ നേതൃത്വം നല്കി.