അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പിനൊരുങ്ങി അബ്നയും ഗായത്രിയും
1451939
Monday, September 9, 2024 7:47 AM IST
പെരുമ്പാവൂര്‍: ഇറ്റലിയില്‍ നടക്കുന്ന അന്താരാഷ്ട്ര റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് (വേള്‍ഡ് സ്കേറ്റ് ഗെയിംസ് ഇറ്റാലിയ - 2024) ചരിത്രത്തിലാദ്യമായി കേരളത്തില്‍നിന്ന് രണ്ട് പെണ്‍കുട്ടികള്‍. പെരുമ്പാവൂര്‍ ആര്‍എഫ്ഒ ക്ലബ് അംഗങ്ങളായ എ.എ.അബ്ന, ഗായത്രി ലീമോന്‍ എന്നിവരാണ് ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുന്നത്. 10 കൊല്ലമായി ആര്‍എഫ്ഒ ക്ലബില്‍ റോളര്‍ സ്കേറ്റിംഗ് പരിശീലിക്കുന്ന അബ്ന സ്പീഡ് സ്കേറ്റിംഗ് സീനിയര്‍ വിഭാഗത്തിലും ഗായത്രി ചെങ്കുത്തായ മലഞ്ചെരിവുകളിലൂടെ നടക്കുന്ന ഡൗണ്‍ ഹില്‍ സ്കേറ്റിംഗ് വിഭാഗത്തിലുമാണ് മാറ്റുരയ്ക്കുന്നത്.
2021ലും 2023ലും ദേശീയ മെഡലുകള്‍ നേടിയ അബ്ന 2024 ല്‍ ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടിയിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പില്‍ അബ്നയുടെ മികവിലാണ് എംജി യൂണിവേഴ്സിറ്റി ആദ്യമായി റണ്ണറപ്പായത്. പൂത്തോട്ട ശ്രീനാരായണ ലോ കോളജില്‍ രണ്ടാം സെമസ്റ്റര്‍ ബി.കോം എല്‍എല്‍ബി വിദ്യാര്‍ഥിനിയാണ്.
ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസറായ ആമ്പല്ലൂര്‍ അമ്പിളി നിവാസില്‍ സി.സി. അജയകുമാറിന്റെയും അധ്യാപികയായ എം.എച്ച്. ബിനുവിന്റെയും മകളാണ്. ജേണലിസം വിദ്യാര്‍ഥിയായ ഇന്ദ്രജിത്ത് സഹോദരനാണ്. അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പിന് മുത്തൂറ്റ് ഫിനാന്‍സാണ് അബ്നയുടെ സ്പോണ്സര്.
10 കൊല്ലമായി ആര്‍എഫ്ഒ ക്ലബ് അംഗമായ ഗായത്രി രണ്ടു കൊല്ലമായി ഡൗണ്‍ഹില്‍ സ്കേറ്റിംഗില്‍ ജൂണിയര്‍ വിഭാഗത്തില്‍ ദേശീയ ചാമ്പ്യനാണ്. സിബിഎസ്ഇ സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയിട്ടുണ്ട്. സഹോദരന് 10-ാം ക്ലാസ് വിദ്യാര്‍ഥി വൈഷ്ണവും ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ തറേപ്പറമ്പില്‍ ടാക്സ് കണ്‍സള്‍ട്ടന്റുമാരായ ലീമോന്‍ അശോകിന്റെയും ജെയ്നിയുടേയും മകളായ ഗായത്രി കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. 2009ല്‍ അന്തര്‍ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കെ.എസ്. സിയാദിന്റെ നേതൃത്വത്തിലാണ് ഇരുവരുടേയും പരിശീലനം.
സ്കേറ്റിംഗ് താരങ്ങള്‍ക്ക് പരിശീലനത്തിന് സൗകര്യപ്രദമായ ട്രാക്കുകളില്ലാത്തതാണ് കേരളം നേരിടുന്ന വെല്ലുവിളിയെന്നും സംസ്ഥാന സര്‍ക്കാരിന്റെയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയും പിന്തുണ ലഭിച്ചാല്‍ മികച്ച താരങ്ങളെ സ്കേറ്റിംഗ് രംഗത്ത് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുമെന്നും സിയാദ് പറഞ്ഞു. കേരള ടീം പരിശീലകനും ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകനുമാണ് സിയാദ്.