കാറും ബൈക്കും കൂട്ടിയിടിച്ച് ഡോക്ടർക്ക് പരിക്കേറ്റു
1442995
Thursday, August 8, 2024 3:54 AM IST
പിറവം: പിറവം കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം അണ്ടേത്ത് കവലയിൽ അപകടം പതിവാകുന്നു. ഇന്നലെ രാവിലെ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ യാത്ര ചെയ്തിരുന്ന ഡോക്ടർക്ക് പരിക്കേറ്റു.
ആലപ്പുഴ ഗവൺമെന്റ് ഇഎസ്ഐ ആശുപത്രിയിൽ ജോലി ചെയ്യുന്ന കോലഞ്ചേരി കിങ്ങിണിമറ്റം സ്വദേശിയായ കെ.എസ്. സഞ്ചു (42)വിനാണ് പരിക്കേറ്റത്. മൂവാറ്റുപുഴ ഭാഗത്തുനിന്നും വരികയായിരുന്നു കൂത്താട്ടുകുളം സ്വദേശിനിയായ അധ്യാപിക ഓടിച്ചിരുന്ന കാറാണ് ഇടിച്ചത്. പിറവം ടൗണിൽനിന്ന് വരികയായിരുന്നു ബൈക്ക്. ആലപ്പുഴയ്ക്ക് ജോലിക്കു പോവുകയായിരുന്ന ഡോക്ടർ കരവട്ടെ കുരിശ് റോഡിൽ നിന്നുമാണ് ജംഗ്ഷനിലേക്ക് പ്രവേശിച്ചത്.
കാൽമുട്ടിന് സാരമായി പരിക്കേറ്റ ഡോക്ടറെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണ്ടേത്ത് ജംഗഷനിൽ ചൊവ്വാഴ്ചയും അപകടം നടന്നിരുന്നു. എതിർദിശയിൽ നിന്നും അമിതവേഗതയിലെത്തിയ കെഎസ്ആർടിസി ബസ് കടന്നുപോകുന്നതിനിടെ കാറ് നിയന്ത്രണംവിട്ട് സമീപത്തെ വർക്ക് ഷോപ്പിന് മുന്നിലിരുന്ന ബൈക്കുകളിലിടിച്ചാണ് നിന്നത്. ആർക്കും പരിക്കില്ല.
ടൗണിൽ ഏറെ ഗതാഗതത്തിരക്കുള്ള ജംഗ്ഷനായ ഇവിടെ അപകടങ്ങൾ നിത്യസംഭമാണ്. പ്രധാന റോഡിലൂടെ വലിയ വാഹനങ്ങൾ കടത്തിവിടാതെ ഇതുവഴിയാണ് സഞ്ചാരം അനുവദിച്ചിരിക്കുന്നത്.