വിയോജിപ്പുണ്ട്, പക്ഷേ വിട്ടുനിൽക്കില്ല: പ്രതിപക്ഷം
1601531
Tuesday, October 21, 2025 2:57 AM IST
കൊച്ചി: ഹൈക്കോടതിക്ക് സമീപം ഏബ്രഹാം മാടമാക്കല്‍ റോഡില്‍ നിര്‍മാണം പൂര്‍ത്തിയായ കൊച്ചി കോര്‍പറേഷന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
2006 ഏപ്രില്‍ 17ന് തറക്കല്ലിട്ട് 20 വര്‍ഷത്തോളമെടുത്താണ് കെട്ടിടനിര്‍മാണം പൂര്‍ത്തീകരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ധൃതിപിടിച്ച് ഉദ്ഘാടനം നടത്തുന്നതിന് പിന്നില്‍ ലക്ഷ്യം രാഷ്ട്രീയ നേട്ടമാണെങ്കിൽകൂടി നഗരത്തിന്റെ പൊതുകാര്യം എന്ന നിലയില്‍ രാഷ്ട്രീയം മറന്ന് പരിപാടിയില്‍ പങ്കെടുക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.
സി.എം. ദിനേശ് മണി മേയര്‍ ആയിരുന്ന കാലത്താണ് നിര്‍മാണം ആരംഭിച്ചതെങ്കിലും പിന്നീട് വന്ന മേയര്‍മാരും ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്കിയവരാണെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ജി. അരിസ്റ്റോട്ടിലും പറഞ്ഞു. കെട്ടിടത്തില്‍ നിര്‍മാണം ഇനിയും ബാക്കിയുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് അവസാനഘട്ടത്തില്‍ മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ കരാറുകള്‍ നല്‍കിയത്.
ഇതുമൂലം നിര്‍മാണ ചെലവ് 61 കോടിയായി ഉയര്‍ന്നു. 32 കോടി മാത്രമേ ഇതുവരെ നല്‍കിയിട്ടുള്ളൂ. ശേഷിക്കുന്ന തുക നല്‍കേണ്ട ഉത്തരവാദിത്തം അടുത്ത ഭരണസമിതിയുടെ ചുമലില്‍ വച്ചുകൊണ്ടാണ് നിലവിലെ ഭരണസമിതി രാഷ്ട്രീയ നേട്ടത്തിനായി ഉദ്ഘാടനം നടത്തുന്നെന്നും ഇരുവരും ആരോപിച്ചു.
മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ എം.ബി. രാജേഷ്, പി.രാജീവ്, ഹൈബി ഈഡന് എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി, കെ.ബാബു, ഉമാ തോമസ്, ജിസിഡിഎ ചെയര്മാന് കെ.ചന്ദ്രന്‍പിള്ള, മുന്‍ മേയര്‍മാരായ കെ.ബാലചന്ദ്രന്, കെ.ജെ. സോഹന്‍, ടോണി ചമ്മണി, സൗമിനി ജയിന്, പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, സ്ഥിരം സമിതി അധ്യക്ഷരായ സി.എ. ഷക്കീര്‍, സി.ഡി. വത്സലകുമാരി, ടി.കെ. അഷ്റഫ്, ജെ.സനില്മോന്, വി.എ. ശ്രീജിത്ത്, സീന ഗോകുലന്, മാലിനി കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുക്കും.