ഗ്യാസ് സിലിണ്ടറിൽനിന്ന് തീപടർന്ന് വയോധികയ്ക്കും മരുമകൾക്കും പൊള്ളലേറ്റു
1601527
Tuesday, October 21, 2025 2:57 AM IST
വൈപ്പിൻ :പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ നിന്നു തീപടർന്ന് വയോധികയ്ക്കും രക്ഷിക്കാൻ ചെന്ന മരുമകൾക്കും പൊള്ളലേറ്റു.
ഇന്നലെ ഉച്ചയോടെ ചെറായി സഹോദരൻ ഹൈസ്കൂളിന് സമീപം പണ്ടാരപ്പറമ്പിൽ വീട്ടിൽ കമലത്തിനും (78) മരുമകൾ അനിത (50)യ്ക്കുമാണ് പൊള്ളലേറ്റത്. ഇരുവരെയും കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പാചകത്തിനിടെ സിലിണ്ടറിൽ നിന്നും റെഗുലേറ്റർ തനിയെ ഉയർന്ന് ഗ്യാസ് ചോരുകയും തീ പിടിക്കുകയുമായിരുന്നു.
പരിസരത്തുള്ള പെട്രോൾ പമ്പിലുള്ള ഫയർ എക്സ്റ്റിംഗ്യുഷർ ഉപയോഗിച്ച് നാട്ടുകാർ തീയണച്ചെങ്കിലും ഗ്യാസ് ചോർച്ച പരിഹരിക്കാൻ കഴിഞ്ഞില്ല . തുടർന്ന് പറവൂരിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബേബി ജോണിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് സിലിണ്ടറിന്റെ ചോർച്ച പരിഹരിച്ചത്.