വെള്ളക്കെട്ട് ഒഴിയാതെ കളമശേരി; മൂലേപ്പാടത്ത് വീടുകളില്‍ വെള്ളം
1425946
Thursday, May 30, 2024 5:01 AM IST
കളമശേരി: ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴയില്‍ കളമശേരിയില്‍ വീണ്ടും വെള്ളക്കെട്ട്. മൂലപാടം, വി.ആര്. തങ്കപ്പന് റോഡ്, പൊട്ടച്ചാല്‍, വി.പി. മരക്കാര്‍ റോഡ്, നജാത്ത് നഗര്‍ തുടങ്ങിയ പ്രദേശങ്ങളാണ് വീണ്ടും വെള്ളക്കെട്ടിലായത്. ദേശീയപാതയും വെള്ളത്തില്‍ മുങ്ങി.
മൂലേപ്പാടത്ത് 200 ഓളം വീടുകളിലാണ് ഇന്നലെ വീണ്ടും വെള്ളം കയറിയത്. എലൂരിലെ അഗ്നിരക്ഷാ നിലയത്തില്‍നിന്നും ഉദ്യോഗസ്ഥരെത്തിയാണ് വീടുകളില്‍ നിന്നും ജനങ്ങളെ മാറ്റിയത്. ചൊവ്വാഴ്ച വീടുകളില്‍ കയറിയ ചെളിയും വെള്ളവും കഴുകി ഒഴിവാക്കി താമസത്തിന് തയാറെടുക്കുമ്പോഴാണ് ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത മഴയില്‍ വീണ്ടും വീടുകളില്‍ വെള്ളം കയറിയത്.
കൊച്ചിന് യൂണിവേഴ്സിറ്റി, തൃക്കാക്കര, കളമശേരി ഐടിഐ, പോളിടെക്നിക് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഒലിച്ചുവരുന്ന വെള്ളമാണ് മൂലേപ്പാടത്ത് എത്തുന്നത്. വെള്ളം വലിഞ്ഞു പോകാനുള്ള കാനയും തോടും നിറഞ്ഞതോടെയാണ് പ്രദേശത്ത് വെള്ളംകയറുന്നത്. ഇന്നലത്തെ മഴയില്‍ കച്ചവടക്കാര്‍ക്കും വലിയ നാശനഷ്ടങ്ങളുണ്ടായി.
മഴ ശക്തമായതിനെത്തുടര്‍ന്ന് ദേശീയപാത ടിവിഎസ് കവല ഇടപ്പള്ളി ടോള്‍ ജംഗ്ഷന് എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മൂലേപ്പാടം, ഇടപ്പള്ളി ടോള്‍ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ മന്ത്രി പി. രാജീവ് ഇന്ന് ഇടപ്പള്ളി ടോളിൽ നാട്ടുകാരുടെ യോഗം വിളിച്ചിട്ടുണ്ട്.