ഉരുൾപൊട്ടൽ മേഖലയിൽ ക്വാറിക്ക് അനുമതി നിയമവിരുദ്ധം: സമരസമിതി
1417129
Thursday, April 18, 2024 4:52 AM IST
കോതമംഗലം: കീരംപാറ പഞ്ചായത്തിൽ പെരുമണ്ണൂർ മലയിൽ ഉരുൾപൊട്ടൽ മേഖലയിൽ പാറ ഖനനം ആരംഭിക്കുന്നത് നിയമ വിരുദ്ധമാണെന്ന് സമരസമിതി.
പാറമട ലോബിക്കുവേണ്ടി ബഫർ സോൺ പരിധി ഒഴിവാക്കിയതും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ ലംഘിച്ചതും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അഴിമതിയാണെന്ന് മല സംരക്ഷണസമിതി കുറ്റപ്പെടുത്തി.
വംശനാശഭീഷണ നേരിടുന്ന അത്യപൂർവങ്ങളായ ജന്തുസസ്യജീവ ജാതികളുടെ ആവാസ വ്യവസ്ഥയാണിവിടം. കീരംപാറ പഞ്ചായത്തിലെ ഉയർന്ന മലനിരകളുമാണ്. 36 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള പ്രദേശങ്ങളിൽ ഖനനം പാടില്ലായെന്ന നിയമം. ഈ നിയമം അട്ടിമറിച്ചാണ് 70 ഡിഗ്രിയോളം ചെരുവുള്ള പ്രദേശത്ത് ഖനനം ആരംഭിക്കാൻ നീക്കം നടക്കുന്നതെന്ന് സമര സമിതി ആരോപിച്ചു.
ജൈവ വൈവിധ്യ ബോർഡിന്റെ പഠന റിപ്പോർട്ടില്ലാതെയാണ് മലയിലെ മണ്ണ് നീക്കം ചെയ്ത് ഖനനത്തിന് ശ്രമിക്കുന്നത്. പെരുമണ്ണൂർ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ചെറിയ അരുവികളുടെ നാശത്തിനും കാർഷിക മേഖലയുടെ നാശത്തിനും ഖനനം കാരണമാകും.
സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ പഠനത്തിൽ ഉൾപ്പെടുന്ന മേഖല ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമാണ്.
മലനിരകളുടെ കിഴക്കു ചരിവിൽ ഉരുൾപൊട്ടലുണ്ടായി നാശനഷ്ടമുണ്ടായി. പരിസ്ഥിതിലോല പ്രദേശമായ ഇവിടെ നിയമവിരുദ്ധമായി ഖനനം നടത്തുവാനുള്ള നീക്കത്തിനെതിരേ ശക്തമായ സമരപരിപാടികളും നിയമനടപടികളും സ്വീകരിക്കുമെന്ന് സമരസമിതി അറിയിച്ചു.