ലഹരി മാഫിയയ്ക്കെതിരേ ശക്തമായ നടപടി
1396963
Sunday, March 3, 2024 3:53 AM IST
മൂവാറ്റുപുഴ : സ്ഥിരമായി താലൂക്ക് സഭയ്ക്ക് എത്തിച്ചേരാത്ത ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് കത്ത് നൽകാൻ താലൂക്ക് സഭ യോഗം തീരുമാനിച്ചു.
മൂവാറ്റുപുഴ മേഖലയിൽ വ്യാപിച്ചിരിക്കുന്ന ലഹരി മാഫിയ സംഘങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി നഗരസഭാധ്യക്ഷരുടേയും ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരുടേയും ഉന്നത എക്സൈസ് പോലീസ് ഉദ്യോഗസ്ഥരുടേയും സംയുക്തയോഗം ഏഴിന് ചേരും.
ഇതിനായി മൂവാറ്റുപുഴ ആർഡിഒയെ യോഗം ചുമതലപ്പെടുത്തി. ലഹരിവിരുദ്ധ കാന്പയിൻ ശക്തിപ്പെടുത്താനും കർശന പരിശോധന നടത്താനും തീരുമാനിച്ചു. കടുത്ത വേനലിൽ വെള്ളം കിട്ടാതെ ദുരിതത്തിലായ കൃഷിക്കാർക്ക് അടിയന്തരമായി വെള്ളം എത്തിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കനാൽ വാച്ചർമാരുടെ അശ്രദ്ധമായ ഇടപെടൽ മൂലം യഥാസമയം കനാൽ വഴിയുള്ള വെള്ളം എത്തിക്കലും തടസപ്പെട്ടിരിക്കുകയാണ്. ഇത്തരം പ്രവർത്തികളിൽ അടിയന്തരമായി ഇടപെടാൻ പെരിയാർവാലി ഉദ്യോഗസ്ഥർക്ക് യോഗം നിർദേശം നൽകി. ഇന്റർ കണക്ഷനുകൾ പൂർത്തിയാക്കാത്തതിനാൽ പലയിടത്തും ജലജീവൻ കണക്ഷനുകൾ എത്തിക്കാൻ കഴിയുന്നില്ല.
പ്രശ്നപരിഹാരത്തിനും ഇടപെടലിനുമായി സർക്കാരിന്ന് കത്ത് നൽകും. കോതമംഗലം - മൂവാറ്റുപുഴ റോഡിൽ വണ്വേയിൽ നിന്ന് കീച്ചേരിപ്പടി ഭാഗത്തേക്ക് റോഡിൽ സ്ഥാപിച്ചിരിക്കുന്ന നോ എൻട്രി ബോർഡ് മൂലം റോട്ടറി റോഡിലും, ന്യൂബസാറിലും നെഹ്രു പാർക്കിലും വലിയ ഗതാഗത കുരുക്ക് അനുഭവപെടുന്നുണ്ട്.
ഇതൊഴിവാക്കാൻ നോ എൻട്രി ബോർഡ് കീച്ചേരിപ്പടി ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് യോഗത്തിൽ നിർദേശമുയർന്നു. ഇത് സംബന്ധിച്ച് പഠിച്ച് നടപ്പാക്കാൻ ട്രാഫിക് പോലീസിന് യോഗം നിർദേശം നൽകി.
ഗതാഗത പ്രശ്നങ്ങളുടെ പരിഹാരത്തിനായി അടിയന്തര ട്രാഫിക് ഉന്നതതലയോഗം വിളിച്ചു ചേർക്കും. ജലജീവൻ കുടിവെള്ള പദ്ധതിവഴി പായിപ്രയിൽ കൂടുതൽ പ്രദേശങ്ങളിൽ അടിയന്തരമായി കുടിവെള്ളമെത്തിക്കുമെന്ന് അധികൃതർ യോഗത്തെ അറിയിച്ചു.
കൃഷി ആവശ്യത്തിന് വെള്ളം ലഭിക്കാതായതോടെ മൂവാറ്റുപുഴ മേഖലയിൽ കർഷകർ വ്യാപകമായി ദുരിതത്തിലാണ്. അടിയന്തരമായി എംവിഐപി, പിവിഐപി മൈനർ ഇറിഗേഷൻ കനാലുകളുടെ അവശേഷിക്കുന്ന ക്ലീനിംഗ് ജോലികൾ പൂർത്തിയാക്കി കൃഷി ആവശ്യത്തിന് ആവശ്യമായ ജല ലഭ്യത ഉറപ്പുവരുത്തണമെന്ന് യോഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ബ്ലോക്ക് പഞ്ചായത്തംഗം സാറാമ്മ ജോണിന്റെ പരാതിയിൽ മാലിന്യ ശേഖരണ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ ഈ മാസം അവസാനിപ്പിക്കുമെന്ന് പഞ്ചായത്ത് അധികൃതർ താലൂക്ക് സഭയെ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പിറവം നഗരസഭാധ്യക്ഷ ജൂലി സാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം. അസീസ് -പായിപ്ര, ബിനോ കെ. ചെറിയാൻ -വാളകം, സ്റ്റീഫൻ പാലിയേടത്ത് -രാമമംഗലം, തഹസീൽദാർ കെ.എം. ജോസ്കുട്ടി, എൽഎ തഹസീൽദാർ -റെയിൽവേ ബോബി റോസ് എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും താലൂക്ക് സഭാംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.