സുഹൃത്തുകൾ ചേർന്നിറക്കിയ നെൽകൃഷിക്ക് നൂറുമേനി
1396091
Wednesday, February 28, 2024 3:55 AM IST
മൂവാറ്റുപുഴ: സുഹൃത്തുകൾ ചേർന്ന് നടത്തിയ നെൽകൃഷിയിൽ വിളഞ്ഞത് നൂറുമേനി. കാവക്കാട് സ്വദേശി ഫ്രാങ്ക്ളിനും മുല്ലപ്പുഴച്ചാൽ സ്വദേശി ജെറിൻ ജോർജും ചേർന്നാണ് പത്തേക്കർ പാടത്ത് കൃഷിയിറക്കിയത്.
വർഷങ്ങളായി പൈനാപ്പിൾ ഉൾപ്പെടെയുള്ള കൃഷികൾ ചെയ്തുവരുന്ന ഇരുവരും പുതിയ ചുവടുവയ്പ്പ് എന്ന നിലയിലാണ് നെൽകൃഷിയിലേക്കെത്തിയത്. കല്ലൂർക്കാട് പാട്ടത്തിനെടുത്ത പത്തേക്കർ സ്ഥലത്ത് കൃഷിയിറക്കുന്നതിലും തുടർന്നുള്ള കൃഷിയുടെ എല്ലാ ജോലികൾ ചെയ്യുന്നതിലും സുഹൃത്തുക്കളും മാതാപിതാക്കളും ഇരുവർക്കൊപ്പമുണ്ട്.
പൊൻമണി ഇനത്തിൽപ്പെട്ട നെൽവിത്തുകളാണ് ഇവർ കൃഷിക്കായി ഉപയോഗിച്ചത്. നെൽകൃഷി വിളവെടുക്കുന്നതോടെ പുതിയ സ്ഥലങ്ങളും ഏറ്റെടുത്ത് പുതിയ കൃഷി രീതികളും കൃഷികളും പഠിക്കുന്നതിനും കൃഷിയിറക്കുന്നതിനുമുള്ള തയാറെടുപ്പിലാണ് ഇരുവരും. ജോലി തേടി മറുരാജ്യങ്ങളിലേക്ക് പോകുന്ന പുതുതലമുറയ്ക്ക് ഫ്രാങ്ക്ളിനും ജെറിനും മാതൃകയാണ്.