അശാസ്ത്രീയ കുഴിമൂടൽ കനത്ത മഴയിൽ റോഡ് ഒലിച്ചുപോയി
1339918
Monday, October 2, 2023 1:37 AM IST
മൂവാറ്റുപുഴ: ജലജീവൻ പദ്ധതിയിൽ പൈപ്പിടാൻ എടുത്ത കുഴി അശാസ്ത്രീയമായി മൂടിയത് വിനയായി. മഴ കനത്തതോടെ റോഡിന്റ ഒരു വശം ഒലിച്ചുപോയി.
പായിപ്ര പഞ്ചായത്ത് 14-ാം വാർഡിലെ പള്ളിപ്പടി കൂരിക്കാവ് റോഡിന്റ ഭാഗമാണ് ഒലിച്ചുപോയത്. ജലജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ വേണ്ടി എടുത്ത കുഴി പൈപ്പ് ഇട്ടതിനുശേഷം അശാസ്ത്രീയമായി മൂടിയതാണ് പ്രശ്നമായത്.
കൂരിക്കാവ് മുതൽ പള്ളി ഇറക്കംവരെയാണ് കുഴിയെടുത്ത് പൈപ്പ് സ്ഥാപിച്ചത്. ബാക്കി ഭാഗത്തെ പൈപ്പിടൽ മുടങ്ങി കിടക്കുകയാണ്. രണ്ട് മാസം മുന്പാണ് ഇവിടെ പൈപ്പ് സ്ഥാപിച്ചത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഭാഗം വരെ വെറുതെ മണ്ണിട്ടു മൂടുകയായിരുന്നു.
ഇതാണ് കനത്ത മഴയിൽ ഒലിച്ചുപോയത്. നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിന്റ ഭാഗം തകർന്നത് ദുരിതമായി മാറിയിരിക്കുകയാണ്. പൈപ്പിട്ടതിനു ശേഷം ഉടൻതന്നെ കോണ്ക്രീറ്റ് ചെയ്തിരുന്നങ്കിൽ റോഡ് തകരില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
എന്നാൽ ബാക്കി പൈപ്പ് കൂടി സ്ഥാപിച്ച ശേഷമേ കോണ്ക്രീറ്റ് ചെയ്യാൻ കഴിയുകയുള്ളൂവെന്നാണ് അധികൃതർ പറയുന്നത്. പൈപ്പ് ഇടൽ പൂർത്തിയായി കോണ്ക്രീറ്റ് ചെയ്യുന്പോഴേക്കും റോഡ് മുഴുവൻ ഒലിച്ചുപോകുമെന്ന് നാട്ടുകാരും ചൂണ്ടിക്കാട്ടി.