വെള്ളമൊഴിയാതെ കൊച്ചി
1339630
Sunday, October 1, 2023 5:36 AM IST
മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളക്കെട്ട് ഒഴിയാതെ കൊച്ചി നഗരം. തോരാതെ പെയ്ത മഴയില്‍ നഗരത്തിനുള്ളിലെ ഇടറോഡുകള്‍ വീണ്ടും വെള്ളത്തില്‍ മുങ്ങി. ഇതോടെ പ്രധാന റോഡുകളില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഗതാഗതക്കുരുക്ക് രൂക്ഷമായി. പൊതുഗതാഗത സംവിധനങ്ങളില്‍ പതിവിലും തിരക്ക് അനുഭവപ്പെട്ടു. വാണിജ്യ കേന്ദ്രമായ ബ്രോഡ്വേ അടക്കമുള്ള പ്രദേശങ്ങളെ മഴ സരമായി ബാധിച്ചു.
നഗരത്തിനുള്ളിലെ കമ്മട്ടിപ്പാടം, പിആന്‍ഡ്ടി കോളനി, ഉദയാ കോളനി എന്നിവിടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരങ്ങളിലും മഴയെത്തുടര്‍ന്ന് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വൈറ്റില, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍ എന്നീ പ്രദേശങ്ങളില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത് നഗരത്തെ ആകെ ബ്ലോക്കിലാക്കി. കണ്ടയ്നര്‍ റോഡിലെ വിവിധ പ്രദേശങ്ങളിലും റോഡില്‍ വെള്ളം നിറഞ്ഞനിലയിലായിരുന്നു.
കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ്, നഗരത്തിനുള്ളിലെ ഇടറോഡുകള്‍ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് മാറ്റമില്ലാതെ തുടരുന്നത്. അതേസമയം മുന്‍ വര്ഷങ്ങളിലെപ്പോലുള്ള വെള്ളക്കെട്ടിന് ഒരുപരിധിവരെ ശമനം കൈവന്നിട്ടുണ്ട്. കനാലുകളുടെ ശുചീകരണവും, കാനകളുടെ നവീകരണം നേരത്തെ നടത്തിയതിനാലാണിത്.
സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ റോഡുകളും വെള്ളത്തിലായി. നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ജ്യൂസ് സ്ട്രീറ്റിലും കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളമുയര്‍ന്നു.