മൂന്നാർ - കൊച്ചി ദേശീയപാത വികസനം: പാലങ്ങളുടെ പുനർ നിർമാണം കാത്ത് നഗരസഭ പ്രദേശം
1337145
Thursday, September 21, 2023 5:45 AM IST
മൂവാറ്റുപുഴ: മൂന്നാർ മുതൽ കൊച്ചി വരെയുളള ദേശീയപാത വികസനത്തിൽ മൂവാറ്റുപുഴ നഗരസഭ പ്രദേശത്തെ ഇടുങ്ങിയ പാലങ്ങൾ പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമായി.
കൊച്ചി മുതൽ മൂന്നാർ വരെയുളള ദേശീയ പാത വികസിപ്പിക്കുന്നതിന് 1208 കോടിയാണ് അനുവദിച്ചത്. നേര്യമംഗലത്ത് പുതിയ പാലത്തിനും അനുമതി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നെഹ്റു പാർക്ക് മുതൽ പെരുമറ്റം വരെയുളള റോഡ് ഭാഗത്ത് സമഗ്ര നവീകരണം ആവശ്യമാണ്. കിഴുക്കാവിൽ, പെരുമറ്റം പാലങ്ങൾ വീതികൂട്ടി പുനർനിർമിച്ചാലേ സുഗമമായി വാഹനങ്ങൾക്ക് കടന്ന് പോകാനാകൂ.
ഇതോടൊപ്പം കീച്ചേരിപ്പടി ജംഗ്ഷൻ വികസനവും അനിവാര്യമാണ്. വർഷങ്ങൾക്ക് മുന്പ് നിർമിച്ചതാണ് ഇരു പാലങ്ങളും. കിഴുക്കാവിൽ തോടിന് കുറുകെ എവറസ്റ്റ് ജംഗ്ഷനിൽ തീർത്തിരിക്കുന്ന പാലത്തിന് കലുങ്കിന്റെ സ്വഭാവമാണ്. നഗരത്തിലെ വാണിജ്യ കേന്ദ്രത്തിലാണ് പാലമുളളത്. പ്രതിദിനം ചരക്ക് ലോറികൾ ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്ന് പോകുന്നത്.
പാലം താഴ്ന്ന നിലയിൽ നിർമിച്ചിട്ടുള്ളതിനാൽ വെളളപ്പൊക്ക ഭീഷണിയുണ്ട്. പാലം വെളളത്തിനടിയിലാകുന്നതോടെ ഇതു വഴിയുളള ഗതാഗതം നിലയ്ക്കും. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെങ്കിൽ പാലം ആധുനിക രീതിയിൽ പുനർ നിർമിക്കണം.
എറണാകുളം, ആലുവ, അങ്കമാലി, കോട്ടയം, പിറവം മേഖലകളിൽ നിന്ന് മൂന്നാറിലേക്കും കന്പം, തേനി അടക്കമുളള തമിഴ്നാട് പ്രദേശങ്ങളിലേക്കും വാഹനങ്ങൾ കടന്ന് പോകുന്നത് കീച്ചേരിപ്പടി ജംഗ്ഷനിലൂടെയാണ്. ഇവിടം ഒഴിവാക്കാൻ ബൈപാസുകളോ സമാന്തര സംവിധാനങ്ങളോ ഇല്ല. രാപ്പകൽ വ്യത്യാസമില്ലാതെ നൂറ് കണക്കിന് വാഹനങ്ങളാണ് ജംഗ്ഷൻ വഴി ഇടതടവില്ലാതെ പോകുന്നത്.
നഗരത്തിലെ തിരക്ക് കുറയ്ക്കാനായി നിർമിച്ചിരിക്കുന്ന ഇഇസി മാർക്കറ്റ് റോഡ് സന്ധിക്കുന്നതും കീച്ചേരിപ്പടി ജംഗ്ഷനിലാണ്. നിരവധി വ്യാപാര വ്യവസായ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. നഗരസഭയുടെ പച്ചക്കറി ഉണക്ക മത്സ്യ മാർക്കറ്റിന്റെ പ്രവേശന കവാടവുമാണ്.
വാഹന ബാഹുല്യം നിമിത്തം രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കീച്ചേരിപ്പടി ജംഗ്ഷൻ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ ഭാഗത്ത് പുറന്പോക്ക് ഭൂമിയുണ്ട്. കൈയേറ്റങ്ങൾ ഒഴിവാക്കി ഭൂമി വീണ്ടെടുത്ത് ജംഗ്ഷൻ വികസിപ്പിക്കണം.
എന്നാൽ മാത്രമേ നവീകരിക്കുന്ന ദേശീയ പാതയുടെ പ്രയോജനം പൂർണമായി ലഭിക്കുകയുള്ളൂ. ഇതോടൊപ്പം പെരുമറ്റത്തെ ഇടുങ്ങിയതും കാലപ്പഴക്കവുമുളള പാലവും സൗകര്യങ്ങളോടെ പുനർ നിർമിക്കേണ്ടതുണ്ട്. വർഷങ്ങൾക്ക് മുന്പ് നിർമിച്ചതാണ് ഈ പാലം. കൽക്കെട്ട് തകർന്നതിനെ തുടർന്ന് ദേശീയ പാത അതോറിറ്റി അധികൃതർ പരിശോധന നടത്തിയിരുന്നു.
നിലവിൽ പാലത്തോട് ചേർന്നുളള പാർശ്വഭിത്തികൾക്ക് കേടുപാടുകളുണ്ട്. റോഡ് വികസനത്തിനായി പാലവും പുനർനിർമിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ചു കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിനും ദേശീയ പാത അഥോറിറ്റിക്കും നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് നിവേദനം നൽകി.