വനം-റവന്യു വകുപ്പ് ഒത്തുകളിക്കെതിരേ പ്രതിഷേധം
1544560
Tuesday, April 22, 2025 11:47 PM IST
വണ്ണപ്പുറം: വനം വകുപ്പധികൃതരും റവന്യു ഉദ്യോഗസ്ഥരും ചേർന്ന് പഞ്ചായത്തിനു കീഴിലുള്ള 4,005 ഏക്കറോളം സ്ഥലം വനഭൂമിയാക്കി മാറ്റാനുള്ള നീക്കം നടത്തുന്നതായി നാട്ടുകാർ ആരോപിച്ചു. നാരങ്ങാനത്ത് തൊമ്മൻകുത്ത് പള്ളിയുടെ കൈവശത്തിലിരുന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന കുരിശ് പിഴുതെടുത്ത സ്ഥലംവരെ വനഭൂമിയാണെന്ന് സൂചിപ്പിക്കുന്ന രേഖകൾ സൃഷ്ടിക്കുന്നതിനുള്ള നീക്കങ്ങളാണ് നടന്നുവരുന്നത്.
1970നു മുന്പ് കുടിയേറി താമസിക്കുന്ന കർഷകരുടെ ഭൂമി ഉൾപ്പെടെ വനമേഖലയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. വനംവകുപ്പ് ആവശ്യപ്പെട്ട പ്രകാരം വണ്ണപ്പുറം വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ടിലാണ് ജനവാസ മേഖലകൾ ഉൾപ്പെടെ വനഭൂമിയായി സൂചിപ്പിച്ചിരിക്കുന്നത്. ജോയിന്റ് വെരിഫിക്കേഷൻ കഴിഞ്ഞ സ്ഥലങ്ങളും ഇതുവരെ വെരിഫിക്കേഷൻ നടത്താത്ത സ്ഥലങ്ങളും പട്ടയം നൽകാൻ ശിപാർശ ചെയ്ത സ്ഥലങ്ങളും വനഭൂമിയുടെ പരിധിയിൽ വരുന്നതായി റിപ്പോർട്ട് നൽകിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
സർക്കാർ ഉത്തരവ് പ്രകാരം മുണ്ടൻമുടി, നാരങ്ങാനം, മുള്ളരിങ്ങാട്, കള്ളിപ്പാറ മേഖലകളിലെ ജനങ്ങളുടെ പട്ടയ അവകാശത്തിനുമേൽ കരിനിഴൽ വീഴ്ത്തി വില്ലേജ് ഓഫീസർ വനംവകുപ്പിന് അവകാശം നൽകുന്ന രേഖ കൈമാറിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആക്ഷേപം. പഞ്ചായത്തിലെ ഒൻപതാം വാർഡിൽ വെരിഫിക്കേഷൻ സർവേ ആരംഭിച്ച സമയത്ത് വില്ലേജ് ഓഫീസർ നടത്തിയ നീക്കം അംഗീകരിക്കാനാവില്ല. ഈ പ്രദേശങ്ങളിൽ സർവേ നടപടികൾ പൂർത്തിയാക്കി പട്ടയം അനുവദിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
കേന്ദ്ര വനസംരക്ഷണ നിയമം നിലവിൽവന്ന 1980നു മുൻപ് കുടിയേറിയ മുഴുവൻ കർഷകർക്കും പട്ടയം നൽകാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം പട്ടയം നൽകണം. ജോയിന്റ് വെരിഫിക്കേഷൻ നടത്തിയ സ്ഥലത്ത് വനംവകുപ്പ് ജണ്ട സ്ഥാപിച്ചിരുന്നു.
കുരിശു പൊളിച്ച സ്ഥലവും ജണ്ടയ്ക്കു പുറത്താണ്. ജണ്ടയ്ക്കു പുറത്തുള്ള കൈവശഭൂമിക്ക് പട്ടയം നൽകാൻ തടസമില്ലെന്നാണ് വില്ലേജ് ഓഫീസർ പറയുന്നത്. ഇക്കാര്യം സൂചിപ്പിക്കുന്ന വില്ലേജ് ഓഫീസർ തന്നെ ജനങ്ങളുടെ അവകാശം ഹനിക്കുന്ന രീതിയിൽ വനംവകുപ്പിന് അനുകൂലമായ നടപടികളുമായി മുന്നോട്ടു പോകുന്നു എന്നതാണ് വിരോധാഭാസം.