കാലതാമസം പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ
1544556
Tuesday, April 22, 2025 11:47 PM IST
ഇടുക്കി: ലയങ്ങളുടെ പുനരുദ്ധാരണ പദ്ധതിയിൽ തീരുമാനമെടുക്കുന്നതിൽ കാലതാമസം വരുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റീസ് അലക്സാണ്ടർ തോമസ്. കാലപ്പഴക്കംമൂലം ലയങ്ങൾ ഇടിഞ്ഞുവീണ് അപകടമുണ്ടാകുന്നത് സാധാരണമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പീരുമേട് താലൂക്കിൽ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ ലയങ്ങൾ നവീകരിക്കാൻ സംസ്ഥാന നിർമിതികേന്ദ്രംവഴി ലഭിച്ച 33,70,000 രൂപയുടെ എസ്റ്റിമേറ്റിൽ ധനവകുപ്പ് ഒരു മാസത്തിനകം തീരുമാനമെടുത്ത് തൊഴിൽ സെക്രട്ടറിയെ അറിയിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ധനവകുപ്പിൽനിന്ന് അനുമതി ലഭിച്ചാലുടൻ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണം.
പദ്ധതിക്ക് ഭരണാനുമതി ലഭിച്ചെങ്കിലും പദ്ധതിവിഹിതം ക്രമീകരിച്ചപ്പോൾ തുക വകയിരുത്താത്തതാണ് കാലതാമസത്തിനു കാരണമായത്. തുടർന്ന് മറ്റു ചില ശീർഷകങ്ങളിൽനിന്നും തുക ലഭ്യമാക്കിയാണ് പദ്ധതി ധനവകുപ്പിന് സമർപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ തൊഴിലാളി ലയങ്ങൾ നവീകരിക്കാൻ 10 കോടിയുടെ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും അത് ധനവകുപ്പിന്റെ പരിഗണനയിലാണെന്ന് തൊഴിൽ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഈ പദ്ധതിക്ക് ബന്ധപ്പെട്ട വകുപ്പിൽ നിന്ന് അനുമതി നേടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
പീരുമേട്ടിലെ കോട്ടമല ലയത്തിന്റെ ഭിത്തി ഇടിഞ്ഞപ്പോൾ തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.