തൊഴിലാളിയെ കാണാതായിട്ട് 4 വർഷം, കാത്തിരിപ്പോടെ കുടുംബം
1544553
Tuesday, April 22, 2025 11:47 PM IST
മൂന്നാർ: തേയിലത്തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ തൊഴിലാളിയെ കാണാതായിട്ട് നാലു വർഷം. മാതാപിതാക്കളായ യേശുദാസ്, വിജയ, ഭാര്യ ഗീത, രണ്ടു മക്കൾ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ കാത്തിരിപ്പിനു ഫലമുണ്ടായിട്ടില്ല.
മൂന്നാറിലെ കടലാർ ഈസ്റ്റ് ഡിവിഷൻ സ്വദേശിയായ ധനശേഖർ ആണ് 2021 ഏപ്രിൽ 20ന് കാണാതായത്. തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്പോഴും അദ്ദേഹത്തിന്റെ തിരോധാനത്തെക്കുറിച്ചുള്ള ദുരൂഹതകൾ മാറിയിട്ടില്ല.
ഒരു വർഷം മുന്പ് തമിഴ്നാട്ടിൽവച്ച് അദ്ദേഹത്തെ കണ്ടുവെന്ന് ഒരാൾ വെളിപ്പെടുത്തിയതിനെത്തുടർന്ന് അവിടെ അന്വേഷണം നടത്തിയെങ്കിലും പോലീസിന് നിരാശയായിരുന്നു ഫലം. ഒട്ടനവധി ദുരൂഹതകളാണ് അദ്ദേഹത്തന്റെ തിരോധാനത്തിനു പിന്നാലെയുണ്ടായത്. വന്യജീവി ആക്രമണത്തിനിരയായിരുന്നുവെന്നായിരുന്നു ആദ്യ നിഗമനം.
എസ്റ്റേറ്റിൽ സൂക്ഷിച്ചിരുന്ന കീടനാശിനി കളവുപോയതിൽ അന്വേഷണം നടന്നുവരുന്നതിനിടയിലായിരുന്നു തൊഴിലാളിയുടെ തിരോധാനം. ഈ കളവുമായി ബന്ധപ്പെട്ടുള്ള മാനസിക പീഡനങ്ങളെത്തുടർന്നാണ് ധനശേഖറിനെ കാണാതായതെന്നായിരുന്നു ആദ്യ ആരോപണം. അന്വേഷണം നടന്നുവരുന്നതിനിടയിൽ മൊഴികളിൽ വൈരുധ്യമുണ്ടായത് പോലീസിനെയും വലച്ചു. അന്വേഷണത്തിൽ യാതൊരു പുരോഗതിയും പിന്നീടുണ്ടായില്ല.
ഒരു തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ടും തൊഴിലാളികൾക്കുവേണ്ടി ശബ്ദമുയർത്തേണ്ട തൊഴിലാളി സംഘടനകൾ നിസംഗത പുലർത്തുകയാണെുള്ള ആരോപണവും ശക്തമാണ്. ധനശേഖറിന്റെ തിരോധാനത്തിനു പിന്നാലെയുള്ള യഥാർഥ്യങ്ങൾ പുറത്തുകൊണ്ടുവരാൻ ബന്ധുക്കൾ മനുഷ്യാവകാശ സംഘടനകളെയും സമീപിച്ചിട്ടുണ്ട്.