ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണം നൽകി
1544557
Tuesday, April 22, 2025 11:47 PM IST
രാജകുമാരി: ശ്രേഷ്ഠ കാതോലിക്ക ബാവയായി അഭിഷിക്തനായശേഷം ആദ്യമായി ഹൈറേഞ്ചിലെത്തിയ മലങ്കര യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക മോർ ബസോലിയോസ് ജോസഫ് ബാവയ്ക്ക് മുരിക്കുംതൊട്ടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ സ്വീകരണം നൽകി. രാജാക്കാട്ട് പഴയവിടുതി സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ മോർ ബസേലിയോസ് ചാപ്പലിൽ പള്ളി കമ്മിറ്റി ഭാരവാഹികളുടെയും രാജാക്കാട് മതസൗഹാർദ കൂട്ടായ്മയുടെയും നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.
തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ രാജകുമാരി ബസേലിയോസ് ചാപ്പലിലെത്തിച്ച് പള്ളി ഭാരവാഹികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലും സ്വീകരണം നൽകി. തുടർന്ന് വാഹനഘോഷയാത്രയായി കുരുവിള സിറ്റിയിലുള്ള മുരിക്കുംതൊട്ടി സെന്റ് ജോർജ് യാക്കോബായ പള്ളിയിലെത്തിച്ചു.
മുരിക്കുംതൊട്ടി പള്ളിയങ്കണത്തിൽ ചേർന്ന അനുമോദനയോഗം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. എം.എം. മണി എംഎൽഎ, രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു, ശാന്തൻപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ്, എൻഎസ്എസ് കരയോഗം പ്രസിഡന്റ് മധുസൂദന പണിക്കർ, ഫാ. മത്തായി കുളങ്ങരക്കുടിയിൽ, ഫാ. എൽദോസ് പുളിഞ്ചോട്ടിൽ, ഫാ. സോണി പള്ളത്തുകുടി, ഫാ. ബേസിൽ കൊറ്റിക്കൽ എന്നിവർ പ്രസംഗിച്ചു.