ക്വട്ടേഷൻ കൊലപാതകം: പ്രതിയെ കസ്റ്റഡിയിൽ വിട്ടു
1544555
Tuesday, April 22, 2025 11:47 PM IST
തൊടുപുഴ: സാന്പത്തിക തർക്കത്തെത്തുടർന്ന് മുൻ ബിസിനസ് പങ്കാളിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി മൃതദേഹം മാൻഹോളിൽ ഒളിപ്പിച്ച കേസിലെ പ്രതികളിലൊരാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ഒന്നാം പ്രതിയായ ജോമോൻ ജോസഫിന്റെ ബന്ധു ഭരണങ്ങാനം എട്ടിലൊന്ന് പാറപ്പുറത്ത് എബിൻ തോമസിനെയാണ് (35) മുട്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടത്.
കൊലപാതകവിവരങ്ങൾ പൂർണമായി അറിയാമായിരുന്ന ഇയാൾ ജോമോന് സാന്പത്തികസഹായം ഉൾപ്പെടെ നൽകിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യങ്ങളിൽ മറ്റു പ്രതികൾ നൽകിയ മൊഴിയും എബിൻ നൽകിയ മൊഴിയും തമ്മിൽ ചില വൈരുധ്യങ്ങളുണ്ട്. ഇതിൽ വ്യക്തത വരുത്തുന്നതിനുവേണ്ടിയാണ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്. ആവശ്യമായി വന്നാൽ ഇന്ന് പ്രതിയെ ജോമോന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കും.
കൊല്ലപ്പെട്ട ചുങ്കം സ്വദേശി ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകുന്നത് മുതലുള്ള വിവരങ്ങൾ എബിന് അറിയാമായിരുന്നെന്നാണ് പോലീസിനു ലഭിച്ച വിവരം. ബിജു കൊല്ലപ്പെട്ടെന്നും മൃതദേഹം കുഴിച്ചിട്ടെന്നും ഇയാൾക്ക് അറിയാമായിരുന്നു.
എന്നാൽ, കുഴിച്ചിട്ട സ്ഥലം അറിയില്ലായിരുന്നു. കൊലപാതകത്തിനുശേഷം ജോമോൻ എബിനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. പിന്നീട് പുതിയ ഫോണ് വാങ്ങാൻ 25,000 രൂപ അയച്ചുകൊടുത്തതും ഇയാളാണ്. ജോമോനുമായി എബിന് ബിസിനസ് പങ്കാളിത്തം ഇല്ലെങ്കിലും കാറ്ററിംഗ് സർവീസിൽ സഹായിച്ചിരുന്നതായി വിവരമുണ്ട്.