ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍
1544549
Tuesday, April 22, 2025 11:47 PM IST
അടിമാലി: അടിമാലി കോട്ടപ്പാറയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍കൂടി അടിമാലി പോലീസിന്റെ പിടിയിലായി. ആനച്ചാല്‍ തട്ടാത്തിമുക്ക് സ്വദേശി ബിബിനാണ് പിടിയിലായത്. വിനോദസഞ്ചാര മേഖലയായ കോട്ടപ്പാറയില്‍ പരസ്യമായി ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ഒരുപറ്റം ആളുകള്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പരാതി. ഈ പരാതിയിലാണ് ഒരാള്‍കൂടി അടിമാലി പോലീസിന്റെ പിടിയിലായത്.
സംഭവത്തില്‍ ഉള്‍പ്പെട്ട മൂലമറ്റം അറക്കുളം സ്വദേശിയായ ജിബിന്‍ ബിജുവിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അക്രമസംഭവത്തില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കായിരുന്നു മര്‍ദനമേറ്റത്. ഒരാളുടെ കാല് ഒടിയുകയും മറ്റൊരാളുടെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവര്‍ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.