ആരാധനാലയങ്ങൾ വിശ്വാസികളുടെ കൂട്ടായ്മയുടെ അടയാളം: മാർ ജോൺ നെല്ലിക്കുന്നേൽ
1544551
Tuesday, April 22, 2025 11:47 PM IST
മുരിക്കാശേരി: ആരാധനാലയങ്ങൾ വിശ്വാസികളുടെ കൂട്ടായ്മയുടെ അടയാളമാണെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ. പുതുതായി പണികഴിപ്പിച്ച മുരിക്കാശേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കൂദാശ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തലമുറകളിലൂടെ കൈമാറിയ വിശ്വാസത്തിന്റെ അടയാളപ്പെടുത്തലാണ് പുതിയ ദേവാലയം. സഭയെ അമ്മയായി സ്നേഹിക്കാത്തവർക്ക് ദൈവത്തെ പിതാവായി സ്വീകരിക്കാൻ ആവുകയില്ല.
ക്രൈസ്തവസഭ എല്ലാ കാലത്തും പൊതുസമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് പ്രവർത്തിച്ചിട്ടുള്ളത്. ഒരു വിഭാഗത്തിനുവേണ്ടി മാത്രം പ്രവർത്തിക്കുന്നത് ക്രൈസ്തവികതയല്ല. ഫ്രാൻസിസ് മാർപാപ്പയുടെ സ്മരണയിലാണ് ദേവാലയ കൂദാശ നടന്നത്. സഭയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കംകുറിച്ച വ്യക്തിത്വമാണ് ഫ്രാൻസിസ് മാർപാപ്പ.
പാവപ്പെട്ടവരോടുള്ള അനുകമ്പയും കരുണാർദ്ര ഭാവവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. അദ്ദേഹം നമ്മുടെ കുടുംബത്തിലെ ഒരു അംഗമായിത്തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു. എല്ലാവരും ഫ്രാൻസിസ് മാർപാപ്പയുടെ ആത്മശാന്തിക്കായി പ്രാർഥിക്കണം. കുടുംബങ്ങളിൽ അദ്ദേഹത്തെ അനുസ്മരിച്ച് ഈ ദിവസങ്ങളിൽ പ്രാർഥിക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
രൂപതാതല അനുസ്മരണം വെള്ളിയാഴ്ച വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ നടക്കും. രൂപതാധ്യക്ഷന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ജപമാലയും ആരാധനയും നടക്കും. പള്ളിയുടെ കൂദാശാകർമത്തിന് രൂപത വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. ഏബ്രാഹം പുറയാറ്റ്, ഇടവക വികാരി ഫാ. ജോസ് നരിതൂക്കിൽ എന്നിവർ സഹകാർമികരായിരുന്നു.