തൊടുപുഴയിലെ ക്വട്ടേഷൻ കൊലപാതകം ; നിർണായക തെളിവായി ഫോണ് സന്ദേശം
1540620
Monday, April 7, 2025 11:20 PM IST
തൊടുപുഴ: സാന്പത്തിക തർക്കത്തെത്തുടർന്ന് മുൻ ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാൻഹോളിൽ തള്ളിയ സംഭവത്തിൽ ഒന്നാംപ്രതി ജോമോന്റെ നിർണായകമായ ഫോണ് സന്ദേശങ്ങൾ പോലീസിന് ലഭിച്ചു. കൊലപാതകത്തിനു ശേഷം ജോമോൻ പലരെയും വിളിച്ച് വിവരം പറഞ്ഞതായി കരുതുന്ന ശബ്ദ സന്ദേശമാണ് പോലീസിനു ലഭിച്ചത്.
ദൃശ്യം മോഡലിൽ കൊലപാതകം നടത്തിയെന്നാണ് സന്ദേശത്തിലുള്ളത്. ശബ്ദത്തിന്റെ ആധികാരികത ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
കേസിൽ മൂന്ന് പ്രതികളുടെ കസ്റ്റഡി അപേക്ഷ തൊടുപുഴ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഒന്നാംപ്രതി ജോമോൻ ജോസഫ്, മൂന്നും നാലും പ്രതികളായ മുഹമ്മദ് അസ്ലം, ജോമിൻ കുര്യൻ എന്നിവർക്കായാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്. ഇവരെ കസ്റ്റഡിയിൽ വാങ്ങി കൊലപാതകത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ടുവരാനാണ് പോലീസിന്റെ ലക്ഷ്യം. ഇവരെ സംഭവശേഷം അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
മാർച്ച് 28നാണ് കസ്റ്റഡി കാലാവധി അവസാനിച്ചത്. പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യംചെയ്തപ്പോൾ പുതിയ ചില വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഫോണ് ശബ്ദരേഖ സംബന്ധിച്ച് കൂടുതൽ തെളിവെടുപ്പും നടത്തേണ്ടതുണ്ട്.
ജോമോന്റെ ഭാര്യയുടെ പങ്കും പോലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. ഇവരെ ചോദ്യംചെയ്യാൻ നോട്ടീസ് നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെ ജോമോന്റെ വീട്ടിലെത്തിച്ചെന്നും അവിടെവച്ചാണ് മരിച്ചതെന്ന് ബോധ്യപ്പെട്ടതെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. വീട്ടിലെത്തിച്ചത് ഭാര്യ കണ്ടിട്ടുണ്ടെന്നും മുറിയിലെ രക്തക്കറ ഇവരാണ് കഴുകിക്കളഞ്ഞതെന്നുമാണ് പോലീസിന് ലഭിച്ച വിവരം.