"ജനകീയ'ന്റെ എൻജിൻ ചലിപ്പിക്കുന്നത് 76 കരങ്ങൾ
1540304
Sunday, April 6, 2025 11:52 PM IST
ജോയി കിഴക്കേൽ
തൊടുപുഴ: ജനകീയൻ ബസിന്റെ എൻജിൻ ചലിപ്പിക്കുന്നത് 76 പേരുടെ കരങ്ങൾ ചേർത്തുപിടിച്ചാണ്. 10,000 രൂപയുടെ ഓഹരി ഇവർ എടുത്തപ്പോൾ വർഷങ്ങളായി യാത്രാക്ലേശം അനുഭവിച്ച ഗ്രാമീണ ജനതയുടെ സ്വപ്നം സഫലമായി. ആദ്യം പഴയ ബസിലായിരുന്നു തുടക്കം. ആറുമാസത്തിനുള്ളിൽ കരിങ്കുന്നം മറ്റത്തിപ്പാറ നീലൂർ റോഡിലൂടെ പുതിയ ബസ് സർവീസ് ആരംഭിച്ചതോടെ ഒരു നാടിന്റെ ഉണർത്തു പാട്ടായി അതു മാറി.
കരിങ്കുന്നം-മറ്റത്തിപ്പാറ-നീലൂർ റോഡിന്റെ ടാറിംഗ് പൂർത്തിയായത് 1981 ലാണ്. തുടർന്ന് ആദ്യ ബസ് നിരത്തിലിറങ്ങിയപ്പോൾ നാട്ടുകാരുടെ സന്തോഷം അണപൊട്ടിയെങ്കിലും അതിന് അൽപ്പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. നഷ്ടത്തിന്റെയും റോഡിന്റെ കയറ്റിറക്കത്തിന്റെയും പേരിൽ സർവീസ് നിലച്ചു. ഇതിനു പിന്നാലെ 24 ബസുകൾ സർവീസ് ആരംഭിച്ചെങ്കിലും രണ്ടാഴ്ചക്കുള്ളിൽ മുടങ്ങുന്നത് പതിവായി. ഇതിനിടെ കെഎസ്ആർടിസിയും സർവീസ് ആരംഭിച്ചെങ്കിലും റോഡിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടി സർവീസ് അവസാനിപ്പിച്ചു. കൂനിൻമേൽ കുരു എന്നപോലെ ചിലയിടങ്ങളിൽനിന്നുണ്ടായ പരാതികളും സർവീസ് നിലയ്ക്കാൻ ഇടയാക്കി.
ഇതോടെ 10 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കേണ്ട ദുരവസ്ഥയിലായി ജനങ്ങൾ. വിദ്യാർഥികളുടെ സ്ഥിതിയായിരുന്നു ഏറെ ദയനീയം. ഈ സാഹചര്യത്തിലാണ് നാട്ടുകാർ ചേർന്ന് സ്വന്തമായി ബസ് വാങ്ങാൻ തീരുമാനിച്ചത്. അങ്ങനെയാണ് 18 വർഷം മുന്പ് പുതിയ ബസ് വാങ്ങി പെർമിറ്റ് എടുത്ത് ജനകീയൻ എന്ന പേരിൽ സർവീസ് ആരംഭിച്ചത്.
മൂന്നുവർഷം കൂടുന്പോൾ ബസ് മറിച്ചുവിൽക്കും. പിന്നീട് പുതിയ ബസ് വാങ്ങും. പുതിയ ബസ് വന്ന ശേഷമേ റൂട്ട് മാറാവൂ എന്ന വ്യവസ്ഥയിലാണ് ബസ് വിൽക്കുന്നത്. ഇങ്ങനെ 18 വർഷത്തിനിടെ ആറ് പുതിയ ബസുകൾ വാങ്ങി കോവിഡിനു ശേഷം ആളുകൾ ടൂവീലറുകൾ വാങ്ങിയതോടെ യാത്രക്കാരുടെ എണ്ണം കുറയാനിടയായി. ഇപ്പോൾ വിദ്യാർഥികളാണ് കൂടുതലായും യാത്ര ചെയ്യുന്നത്. വിദ്യാർഥികൾ 50 ശതമാനം ചാർജ് കുറച്ചുനൽകിയാൽ മതി.
ബസ് സർവീസ് ആരംഭിച്ചതുമുതൽ സ്വദേശികളായ വിപിനും ജിജോയുമാണ് ഡ്രൈവറും കണ്ടക്ടറുമായി ജോലി ചെയ്യുന്നത്. സെബാസ്റ്റ്യൻ തോമസ് മുണ്ടിയാങ്കൽ പ്രസിഡന്റും മറ്റത്തിപ്പാറ പള്ളിയിൽ മാറിവരുന്ന വികാരിമാർ രക്ഷാധികാരിയായും മുൻ കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉൾപ്പെടെ 10 ബോർഡ് മെംബർമാർ അടങ്ങുന്ന ഭരണസമിതിയാണ് ജനകീയ ബസിന്റെ മേൽനോട്ടം വഹിക്കുന്നത്.
ജനകീയൻ ബസ് സർവീസ് ആരംഭിച്ചതോടെ നാടിന്റെ മുഖച്ഛായ തന്നെ മാറി. ഭൂമിയുടെ വില ഉയരുകയും കാർഷിക വ്യാപാരമേഖലയിൽ പുത്തൻ ഉണർവ് കൈവരികയും ചെയ്തു. യാത്രാദുരിതത്തിന് ശാശ്വത പരിഹാരം ഉണ്ടായതിനു പുറമേ വിദ്യാർഥികൾക്ക് സുഗമവും സുരക്ഷിതവുമായ യാത്രയും സാധ്യമായി.
ഒരുമയുടെയും കൂട്ടായ്മയുടെയും ഇഴകൾ നെയ്തെടുത്താൽ വലിയ നേട്ടങ്ങൾ കൊയ്തെടുക്കാൻ കഴിയുമെന്ന പാഠമാണ് ഈ ഗ്രാമം പകർന്നു നൽകുന്നത്.
നാടിന്റെ തുടിപ്പും ആരവവും
ഏറ്റുവാങ്ങി ഗ്രാമീണ ബസുകൾ...
തൊടുപുഴ: ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നതു ഗ്രാമങ്ങളിലാണെന്ന് ഗാന്ധിജി പറഞ്ഞെങ്കിലും ജില്ലയിലെ പല ഗ്രാമങ്ങളിലും മതിയായ യാത്രാസൗകര്യങ്ങൾ ഇന്നും അന്യമാണ്. മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ കുറഞ്ഞ ചെലവിൽ വിപണിയിൽ എത്തിക്കണമെങ്കിൽ ബസ് സർവീസ് കൂടിയേ തീരൂ. സാധാരണക്കാരായ വിദ്യാർഥികൾക്ക് മികച്ച കലാലയങ്ങളിൽ അധ്യയനം നടത്താൻ സൗകര്യമൊരുക്കുന്നതും ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന ബസ് സർവീസുകളാണ്. ദൈനംദിനകാര്യങ്ങൾക്കായി വിവിധയിടങ്ങളിലേക്ക് യാത്ര ചെയ്യാനും പലരും ഗ്രാമീണ സർവീസുകളെയാണ് ആശ്രയിക്കുന്നത്.
എന്നാൽ പൊട്ടിപ്പൊളിഞ്ഞതും വലിയ കയറ്റിറക്കങ്ങൾ ഉള്ളതുമായ ഗ്രാമപാതകളിലൂടെ സർവീസ് നടത്താൻ ബസ് ഉടമകളോ ഇതുവഴി പെർമിറ്റ് അനുവദിക്കാൻ അധികാരികളോ പലപ്പോഴും തയാറാകുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ ഗ്രാമീണജനതയുടെ വികാരങ്ങൾ ഉൾക്കൊണ്ട് സർവീസ് ആരംഭിക്കാൻ ചുരുക്കം ബസുടമകൾ മുന്നോട്ടുവന്നിട്ടുണ്ട്. ചിലയിടങ്ങളിൽ ജനങ്ങൾ തന്നെ ഓഹരിയെടുത്ത് വാഹനം വാങ്ങി ബസ് സർവീസ് ആരംഭിച്ചിട്ടുമുണ്ട്. ഗ്രാമീണ ജനത നെഞ്ചേറ്റിയ ബസ് സർവീസുകളിലേക്ക് ഒരെത്തിനോട്ടം.