തൊടുപുഴ നഗരസഭാ ഭരണം യുഡിഎഫിന്; കോണ്‍ഗ്രസിലെ കെ. ദീപക് ചെയർമാൻ
1540035
Sunday, April 6, 2025 5:19 AM IST
തൊടുപുഴ: നഗരസഭാ ഭരണം എൽഡിഎഫിൽനിന്നു യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർഥിയായ കോണ്‍ഗ്രസിലെ കെ. ദീപക്കിനെ ചെയർമാനായി തെരഞ്ഞെടുത്തു. 12ന് എതിരേ 14 വോട്ടുകൾക്കാണ് ദീപക് തെരഞ്ഞെടുക്കപ്പെട്ടത്. ചെയർപേഴ്സണായിരുന്ന സിപിഎം അംഗം സബീന ബിഞ്ചുവിനെ യുഡിഎഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയതോടെയാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. ബിജെപിയുടെ എട്ടംഗങ്ങൾ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു. എൽഡിഎഫ് സ്ഥാനാർഥിയായി മുൻ ചെയർപേഴ്സണ്‍ മിനി മധുവാണ് മത്സരിച്ചത്.
ഒരു കൗണ്‍സിലറെ കൂറുമാറ്റ നിയമ പ്രകാരം അയോഗ്യനാക്കിയതിനാൽ 35 അംഗ കൗണ്‍സിലിൽ ഇപ്പോൾ 34 അംഗങ്ങളാണുള്ളത്. യുഡിഎഫിന് 14 അംഗങ്ങളുടെ പിന്തുണയുണ്ട്. മുൻ ചെയർമാൻ സനീഷ് ജോർജും യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തു.
എൽഡിഎഫിന് 12 ഉം ബിജെപിക്ക് എട്ടംഗങ്ങളുമാണുള്ളത്. മുൻ ചെയർപേഴ്സനെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തതിന്റെ പേരിൽ ബിജെപിയിലെ എട്ടംഗങ്ങളിൽ നാലു പേരെ പാർട്ടിയിൽനിന്ന് നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.
തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചിട്ടും രണ്ടു തവണ യുഡിഎഫിലെ പടലപ്പിണക്കം മൂലം അധ്യക്ഷ പദവി എൽഡിഎഫിന് ലഭിക്കുകയായിരുന്നു. ഇത്തവണ തർക്കങ്ങളെല്ലാം മാറ്റിവച്ച് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സംസ്ഥാന നേതൃത്വം നിർദേശം നൽകിയിരുന്നു.
സ്ഥാനാർഥിയെ തീരുമാനിച്ചതും സംസ്ഥാന നേതൃത്വമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പദവി വീതംവയ്പിനെച്ചൊല്ലി മുസ്ലിം ലീഗ് ഇടഞ്ഞതോടെയാണ് ഇവരുടെ പിന്തുണയോടെ സിപിഎം പ്രതിനിധി ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുണ്ടായിരുന്ന തർക്കം പരിഹരിക്കാനും സംസ്ഥാന നേതൃത്വം ഇടപെടേണ്ടി വന്നു.
ഈ ഭരണസമിതിയുടെ ആദ്യ ചെയർമാനായിരുന്ന സനീഷ് ജോർജ് കൈക്കൂലിക്കേസിൽ ഉൾപ്പെട്ടതോടെയാണ് രാജി വച്ചത്. എൽഡിഎഫ് പിന്തുണയോടെ ചെയർമാനായ സനീഷ് ജോർജ് ഇപ്പോൾ യുഡിഎഫിനൊപ്പമാണ്. പിന്നീട് സബീന ബിഞ്ചു മുസ്ലിം ലീഗ് പിന്തുണയോടെയാണ് അപ്രതീക്ഷിതമായി ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്. ഇവിടെ വൈസ് ചെയർപേഴ്സണ്‍ എൽഡിഎഫിലെ കേരള കോണ്‍ഗ്രസ് എം അംഗമായ പ്രഫ. ജെസി ആന്റണിയാണ്.
വരണാധികാരിയായിരുന്ന ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗിനു മുന്‍പാകെ കെ. ദീപക് ചെയർമാനായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. തുടർന്ന് യുഡിഎഫ് പ്രവർത്തകർ ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂർ, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ്, കെ. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ പ്രകടനവും ഗാന്ധി സ്ക്വയറിൽ യോഗവും നടത്തി.
ഒറ്റക്കെട്ടായി മുന്നോട്ടുപോകും: ചെയർമാൻ
തൊടുപുഴ: നാലര വർഷത്തെ എൽഡിഎഫ് ഭരണത്തിൽ തൊടുപുഴ നഗരസഭയിൽ വികസന മുരടിപ്പായിരുന്നെന്നും ഇനി ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാനുള്ള ശ്രമം നടത്തുമെന്നും ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട കെ. ദീപക് പറഞ്ഞു. നഗരസഭാ ഓഫീസിൽ എത്തുന്ന സാധാരണക്കാർക്ക് പരാതിക്കിടയാകാതെ സേവനങ്ങൾ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.
തനത് വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് മുൻ യുഡിഎഫ് ഭരണസമിതി നിർമാണം പൂർത്തീകരിച്ച മങ്ങാട്ടുകവലയിലെ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ലേലത്തിൽ പോയ മുറികൾ അടിയന്തരമായി തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കും.
കോതായിക്കുന്ന് മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയത്തിന്റെ നിർമാണപ്രവർത്തനം പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്നുകൊടുക്കും. പാറക്കടവ് മേഖലയിൽ നഗരസഭ പ്രഖ്യാപിച്ചിരിക്കുന്ന എം. ജിനദേവൻ സ്മാരക ചിൽഡ്രൻസ് പാർക്ക് നടപടികളും വേഗത്തിലാക്കും. സ്ട്രീറ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികളും ഉടൻ പൂർത്തിയാക്കും. ഭൂരിപക്ഷം ലഭിച്ചിട്ടും നഗരസഭയിൽ അധികാരം പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇപ്പോൾ ഭരണം ലഭിച്ചതിൽ സന്തോഷമുണ്ട്. യുഡിഎഫിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചെന്നും ഇനി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.