തേക്കിൻതണ്ട്, രാജപുരം നിവാസികളെ അധികൃതർ വഞ്ചിക്കുന്നെന്ന്
1540619
Monday, April 7, 2025 11:20 PM IST
ചെറുതോണി: തേക്കിൻത്തണ്ട്, രാജപുരം നിവാസികളെ പിഡബ്ല്യുഡി ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് വർഷങ്ങളായി വഞ്ചിക്കുകയാണെന്ന് ആരോപണം. മുരിക്കാശേരിയിൽനിന്ന് രാജപുരം വഴി കീരിത്തോടിനുള്ള സഞ്ചാരയോഗ്യമായ ടാർ റോഡ് നവീകരണത്തിനായി മൂന്നുവർഷം മുമ്പ് 15 കോടി രൂപയ്ക്ക് ടെൻഡർ ചെയ്തിരുന്നു.
2024 മാർച്ച് 31ന് മുമ്പ് നിർമാണം പൂർത്തിയാക്കുമെന്ന ഉറപ്പിൽ റോഡിന്റെ പണികൾ ആരംഭിച്ചു. ആവശ്യമില്ലാത്തിടത്തെല്ലാം കലുങ്കുകൾ നിർമിച്ചത് പ്രദേശവാസികളുടെ യാത്രാ ദുരിതം വർധിപ്പിച്ചു. കൂടാതെ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയുമില്ല. 2025 മാർച്ചിന് മുമ്പ് റോഡ് പണി പൂർത്തിയാക്കുമെന്ന ഉറപ്പിൽ റോഡിന് ഓട നിർമിച്ച് ഇരുവശങ്ങളിലും മെറ്റൽ കൂട്ടിയിട്ടു.
ഇതോടെ വാഹനങ്ങൾ കടന്നുപോകാനാവാത്ത സ്ഥിതിയായി. ഇതിനു പുറമേയാണ് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ റോഡരികിലെ ഓടകളിൽ ശേഖരിച്ചിരുന്ന മെറ്റൽ റോഡിലൂടെ ഒഴുകി കാൽനടയാത്ര പോലും ദുഷ്കരമായത്. റോഡിന്റെ വശങ്ങളിൽ അഗാധ ഗർത്തവും രൂപപ്പെട്ടിരിക്കുകയാണ്.
ഇപ്പോൾ കരാറുകാരനോ ജോലിക്കാരോ പിഡബ്ല്യുഡി ഉദ്യോഗസ്ഥരോ ഇതുവഴി വരാറുപോലുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 50 വർഷത്തിലധികമായി താമസിക്കുന്ന 500ലധികം കുടുംബങ്ങൾ അധിവസിക്കുന്ന തേക്കിൻതണ്ട്, രാജപുരം നിവാസികളെ വെല്ലുവിളിക്കുന്ന കരാറുകാരനും പി ഡബ്ല്യുഡി ഉദ്യോഗസ്ഥർക്കുമെതിരേ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് രാജപുരം പള്ളി വികാരി ഫാ. ബെന്നോ പുതിയാപറമ്പിൽ മുന്നറിയിപ്പു നൽകി.