വനമേഖലയിലെ 12 ഗോത്രഗ്രാമങ്ങളുടെ അടിസ്ഥാനവികസനത്തിന് വഴിതെളിയുന്നു
1540303
Sunday, April 6, 2025 11:52 PM IST
ഉപ്പുതറ: കണ്ണംപടി വനമേഖലയിലെ 12 ഗോത്രഗ്രാമങ്ങളുടെ അടിസ്ഥാനവികസനത്തിന് വഴിതെളിയുന്നു. 25 കോടി രൂപ ധനസഹായം നൽകാൻ ഒരു വർഷം മുൻപ് നബാർഡ് തത്വത്തിൽ അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉപ്പുതറ പഞ്ചായത്ത് നൽകിയ അപേക്ഷ പ്രകാരം 35 റോഡുകൾ നിർമിക്കുന്നതിന് വനംവകുപ്പ് ഭൂമി വിട്ടു നൽകും. 3.9382 ഹെക്ടർ വനഭൂമിയാണ് നൽകുന്നത്.
റോഡ് നിർമാണത്തിന് 15,96,65,469 രൂപയാണ് വനംവകുപ്പ് പ്രതീക്ഷിക്കുന്ന ചെലവ്. നബാർഡിന്റെ അവസാന അംഗീകാരം ലഭിക്കുന്നതിന് ലാൻഡ് അവൈലബിലിറ്റി സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം വനംവകുപ്പ് പഞ്ചായത്തിന് നൽകി. ഇതിനുശേഷം ഓരോ റോഡിനും പ്രത്യേകം അപക്ഷ നൽകുന്ന മുറയ്ക്ക് ഭൂമി വിട്ടുനൽകുമെന്ന് ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ അറിയിച്ചു.
94 പദ്ധതികൾക്കാണ് പഞ്ചായത്ത് വനം വകുപ്പിന്റെ അനുമതിയും ഭൂമിയും ആവശ്യപ്പെട്ടത്. കിഴുകാനം, മുല്ല, കൊല്ലത്തിക്കാവ് എന്നിവിടങ്ങളിൽ കമ്യൂണിറ്റി ഹാൾ, കണ്ണംപടിയിൽ ഹോസ്റ്റൽ, കൊല്ലത്തിക്കാവിൽ ചെക്ക് ഡാം, 12 ഗോത്ര ഗ്രാമങ്ങളിലും സാമൂഹിക പഠനമുറി തുടങ്ങിയവയാണ് ഇതിൽ പ്രധാനം. ഇതിന് കൂടുതൽ ഭൂമി ആവശ്യമില്ലാത്തതിനാൽ പഞ്ചായത്ത് പ്രത്യേകം അപേക്ഷ നൽകുന്ന മുറയ്ക്ക് ഭൂമി വിട്ടുനൽകുന്നതിന് തടസമുണ്ടാകില്ലെന്ന് വാർഡൻ അറിയിച്ചു.
രണ്ടു വർഷമായി പഞ്ചായത്ത് നടത്തിയ ശ്രമത്തെദത്തുടർന്നാണ് 25 കോടി രൂപയ്ക്ക് നബാർഡ് പ്രാഥമിക അംഗീകാരം നൽകിയത്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ജലസേചനം, ശുചിത്വ പരിപാലനം, പൊതുമരാമത്ത് തുടങ്ങി ആദിവാസി കോളനിയുടെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
പഞ്ചായത്തും പട്ടിക വർഗ വകുപ്പും ചേർന്നാണ് ഡിപിആർ, എസ്റ്റിമേറ്റ് എന്നിവ തയാറാക്കിയത്. ഇത് വനംവകുപ്പും പരിശോധിച്ചാണ് തീരുമാനമെടുത്തത്. ഗതാഗത സൗകര്യം തീരെയില്ലാത്ത പ്രദേശമാണ് 12 ഗ്രാമങ്ങളും. 250ൽ കൂടുതൽ പേർ താമസിക്കുന്ന ആദിവാസി ഊരുകളിൽ സമഗ്ര അടിസ്ഥാനവികസനം സാധ്യമാക്കുന്ന പദ്ധതിയാണിത്.
ജില്ലയിൽ കണ്ണംപടി, ഇടമലക്കുടി എന്നിവയാണ് നബാർഡ് പരിഗണിച്ചത്. കണ്ണംപടി വനമേഖലയിലെ 12 ഊരുകളിലായി തൊള്ളായിരത്തോളം ആദിവാസി കുടുംബങ്ങൾ താമസിക്കുന്നുണ്ട്.