ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ സർക്കാർ ഇടപെടണം: എം.ജെ. ജേക്കബ്
1540613
Monday, April 7, 2025 11:20 PM IST
ചെറുതോണി: ജില്ലയിൽ കേരള ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ നടത്തിവരുന്ന ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ സർക്കാർ ഇടപെടണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് മണ്ഡലം കൺവൻഷൻ വാഴത്തോപ്പ് പാപ്പൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായ്പകളുടെ പലിശ എഴുതിത്തള്ളാൻ ഇടുക്കി പാക്കേജിൽനിന്നു തുക അനുവദിക്കണമെന്നും വായ്പകളുടെ കാലാവധി ദീർഘിപ്പിച്ച് തവണകളായി അടയ്ക്കാൻ അവസരം നൽകണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ഷിജോ ഞവരക്കാട്ട് അധ്യക്ഷത വഹിച്ചു. യോഗത്തിൽ മുതിർന്ന നേതാക്കളെ ആദരിച്ചു.പുതുതായി പാർട്ടിയിൽ ചേർന്നവർക്ക് മെംബർഷിപ്പ് നൽകി. അഡ്വ. തോമസ് പെരുമന, നോബിൾ ജോസഫ്, വർഗീസ് വെട്ടിയാങ്കൽ, ജോയി കൊച്ചുകരോട്ട്, കെ.കെ. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.