റോഡ് ചെളിക്കുണ്ടായി; രോഗികൾ ദുരിതത്തിൽ
1540033
Sunday, April 6, 2025 5:19 AM IST
രാജകുമാരി: രോഗികളെ ദുരിതത്തിലാക്കി സേനാപതി ആശുപത്രി റോഡ് ചെളിക്കുണ്ടായി മാറി. മാങ്ങാത്തൊട്ടിയിൽ പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ റോഡാണ് ചെളിക്കുണ്ടായി മാറിയിരിക്കുന്നത്. ടാർ റോഡിനോട് ചേർന്ന് ആശുപത്രിയുടെ പുതിയ കെട്ടിടനിർമാണത്തിനായി മണ്ണെടുത്തതാണ് രോഗികൾക്കും നാട്ടുകാർക്കും ഒരുപോലെ ദുരിതമായിരിക്കുന്നത്.
മഴ പെയ്തതോടെയാണ് ഇവിടെ ചെളി രൂപപ്പെട്ടത്. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കാൽനട യാത്രകാർക്കും ആശുപത്രിയിൽ പ്രവേശിക്കാനോ റോഡിലൂടെ യാത്ര ചെയ്യുന്നതിനോ സാധിക്കാത്ത സാഹചര്യമാണ്. മഴയില്ലാത്തപ്പോൾ ഇവിടം പൊടികൊണ്ട് നിറയും. ഇതുമൂലം ഇവിടുത്തെ വ്യാപാരികളും നാട്ടുകാരും ദുരിതമനുഭവിക്കുകയാണ്.
പ്രായമായവരും വികലാംഗരുമായ രോഗികൾ ചെളിയിലൂടെ നടന്നുവേണം ആശുപത്രിയിൽ എത്താൻ. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.