പരിശീലകനില്ല; ആയുർവേദ ആശുപത്രിയിൽ യോഗ മുടങ്ങി
1540034
Sunday, April 6, 2025 5:19 AM IST
തൊടുപുഴ: ജീവിതശൈലീ രോഗങ്ങൾക്ക് ഏറെ ആശ്വാസം പകരുന്ന യോഗ പരിശീലനത്തിന് തൊടുപുഴയിലുള്ള ജില്ലാ ആയുർവേദ ആശുപത്രിയിൽ പരിശീലകനില്ലാത്തതു മൂലം ആളുകൾ ബുദ്ധിമുട്ടുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് ഇവിടെ പരിശീലകനെ നിയോഗിച്ചിരുന്നത്. നിലവിലുണ്ടായിരുന്ന പരിശീലകന്റെ കാലാവധി കഴിഞ്ഞതോടെയാണ് പരിശീലനം നിലച്ചത്.
ജീവിതശൈലീ രോഗങ്ങൾ ഉള്ളവരും സർവീസിൽനിന്നു വിരമിച്ചവരും ഉൾപ്പെടെ നിരവധി ആളുകൾ ഇവിടെ പരിശീലനത്തിന് എത്തുന്നുണ്ട്. രാവിലെ എട്ടിനും പത്തിനും രണ്ട് ബാച്ചുകളാണ് നടത്തിയിരുന്നത്. യഥാസമയം പരിശീലകനെ നിയമിക്കുന്നതിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് കത്ത് നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഇവിടെ യോഗ പരിശീലകനെ നിയമിക്കുകയോ കാലാവധി കഴിഞ്ഞ പരിശീലകന് പുനർനിയമനം നൽകുകയോ ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.