മഴ, കാറ്റ്, മിന്നൽ സർവത്ര നാശം
1540029
Sunday, April 6, 2025 5:19 AM IST
മൂലമറ്റം: തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ അറക്കുളം ആലിൻച്ചുവടിന് സമീപം റോഡിന് കുറുകേ മരംവീണ് ഗതാഗതം തടസപ്പെട്ടു. മരംവീണ് വൈദ്യുതി പോസ്റ്റും ഒടിഞ്ഞു. പ്രദേശത്ത് ദീർഘനേരം വൈദ്യുതി മുടങ്ങി. ഇന്നലെ ഉച്ചകഴിച്ച് 3.15നാണ് സംഭവം. ഇതുവഴിയുള്ള ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു. മൂലമറ്റത്തുനിന്ന് അഗ്നിരക്ഷാസേന എത്തി മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ഇടിമിന്നലേറ്റ് വീട് തകര്‍ന്നു
നെടുങ്കണ്ടം: തൂക്കുപാലത്തിന് സമീപം പ്രകാശ്ഗ്രാമില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. പ്രകാശ്ഗ്രാം മൊട്ടപ്പാറ പാറയില്‍ ശശിധരന്റെ വീടിനാണ് മിന്നലേറ്റത്.
വീട്ടിലുണ്ടായിരുന്നവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഉച്ചയോടുകൂടി മേഖലയില്‍ ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു.
ശശിധരന്റെ മരുമകളും രണ്ട് കുട്ടികളും വീടിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴാണ് വീടിന്റെ അടുക്കള ഭാഗത്ത് ഇടിമിന്നലേറ്റത്. മിന്നലിനെത്തുടര്‍ന്ന് വീടിന്റെ വയറിംഗിന് തീപിടിച്ചു. ഇതോടെ വീട് പൂര്‍ണമായും കത്തി നശിച്ചു. വീട്ടില്‍ ഉണ്ടായിരുന്നവര്‍ ശബ്ദം കേട്ട് കുട്ടികളെയും എടുത്ത് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
ഹൈറേഞ്ചിലെ വിവിധ മേഖലകളില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെട്ടത്. ഉടുമ്പന്‍ചോലയില്‍ ഏലത്തോട്ടങ്ങളില്‍ നിരവധി ഇടങ്ങളില്‍ മരം ഒടിഞ്ഞുവീണ് കൃഷി നശിച്ചിട്ടുണ്ട്.
കട്ടപ്പന: കാഞ്ചിയാർ പള്ളിക്കവല കിടങ്ങ് ഭാഗത്ത് കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയെത്തുടർന്ന് ഉണ്ടായ കാറ്റിൽ വ്യാപകമായി കൃഷിനശിച്ചു. ഒന്നേകാൽ ഏക്കറിൽ കൃഷി ചെയ്തിരുന്ന 450ലധികം വാഴകൾ ഒടിഞ്ഞുവീണു. ജോർജുകുട്ടി കുരിശിങ്കൽ, മാത്യു ചൂരക്കുഴിയിൽ, സണ്ണി നെല്ലുപടവിൽ, മോനച്ചൻ കാഞ്ഞിരത്തിങ്കൽ എന്നിവർ ചേർന്നാണ് കൃഷി നടത്തിയത്. മേയ് ആദ്യവാരം വിളവെടുക്കാൻ ഇരിക്കേയാണ് കൃഷിനാശം ഉണ്ടായത്. ഇതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് കർഷകർ. കൃഷിനാശം ഉണ്ടായ ഭൂമി നാളെ കൃഷി ഉദ്യോഗസ്ഥർ സന്ദർശിക്കും.