കന്നുകാലികളെ മറിച്ചുവിറ്റ സംഭവം: പഞ്ചായത്തിനെതിരേ അന്വേഷണം
1540614
Monday, April 7, 2025 11:20 PM IST
മൂന്നാർ: ഗുണഭോക്താക്കൾക്ക് നൽകേണ്ട കന്നുകാലികളെ മറിച്ചുവിറ്റ സംഭവത്തിൽ മൂന്നാർ പഞ്ചായത്ത് അംഗങ്ങൾക്കെതിരേ അന്വേഷണം. ജില്ലാ മൃഗസംരക്ഷണ വകുപ്പാണ് അന്വേഷണം നടത്തുന്നത്. ഗുണഭോക്താക്കളുടെ പരാതിയെത്തുടർന്ന് വിജിലൻസും അന്വേഷണം നടത്തിയേക്കും. കറവയുള്ള പശുക്കളെ ഗുണഭോക്താക്കൾക്ക് നൽകുന്ന പദ്ധതിയിലാണ് അഴിമതി നടന്നിട്ടുള്ളത്.
പദ്ധതിയുടെ മറവിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് ആരോപണം. മൂന്നാർ ഗ്രാമപഞ്ചായത്തിൽ ദിവസങ്ങൾക്കു മുന്പ് ഓരോ വാർഡിലും അർഹരായ ക്ഷീരകർഷകർക്ക് പശുവിനെ വാങ്ങുന്നതിനായി 65,000 രൂപ നൽകിയിരുന്നു. ഇതിൽ 23,000 രൂപ ഗുണഭോക്തൃ വിഹിതമായും 42,000 രൂപ ക്ഷീരവകുപ്പ് പഞ്ചായത്ത് വഴിയും നൽകി. നിർദിഷ്ട വാർഡുകളിലെ തെരഞ്ഞെടുക്കപ്പെട്ട ക്ഷീരകർഷകരോട് പഞ്ചായത്തിലെത്തി പശുക്കളെ വാങ്ങണമെന്ന് ഭരണസമിതി ആവശ്യപ്പെട്ടിരുന്നു.
പശുക്കളുടെ ദയനീയാവസ്ഥ കണ്ട് ഗുണഭോക്താക്കൾ പദ്ധതിയിൽനിന്ന് പിന്മാറി. കറവ വറ്റിയതും ഗർഭധാരണ ശേഷി ഇല്ലാത്തതുമായ പശുക്കളെയായിരുന്നു വിതരണത്തിനായി എത്തിച്ചിരുന്നത്. ഗുണഭോക്താക്കൾ പിന്മാറിയതോടെ പശുക്കളെ ഇറച്ചിക്കടക്കാർക്ക് വിൽക്കുകയും ചെയ്തു. ഇതിലൂടെ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വൻ അഴിമതി നടത്തിയെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.