ഇത് വെറും അർച്ചനയല്ല, നാടിന്റെ സ്നേഹാർച്ചന
1540306
Sunday, April 6, 2025 11:52 PM IST
ജോലാൽ ജോസ്
വെള്ളിയാമറ്റം: സ്വകാര്യബസ് സർവീസിൽ 37 വർഷത്തെ പങ്കാളിത്ത ബിസിനസിന്റെ വിജയഗാഥയുടെ അനുഭവങ്ങളാണ് തടവനാൽ ബാബുവിനും കൂട്ടുങ്കൽ ജോസിനും പറയാനുള്ളത്. തൊടുപുഴ-വെള്ളിയാമറ്റം-പൂച്ചപ്ര റൂട്ടിൽ സർവീസ് നടത്തുന്ന അർച്ചന ബസിന്റെ ഉടമകളാണ് ഇരുവരും. തൊടുപുഴയിൽനിന്നു ഗോത്രവർഗമേഖലയിലേക്ക് ആദ്യമായി സർവീസ് ആരംഭിച്ച ബസെന്ന പ്രത്യേകതയും അർച്ചനയ്ക്കുണ്ട്.
വെള്ളിയാമറ്റം സ്വദേശികളായ ഇവരുടെ സൗഹൃദത്തിന് ഇതുവരെയും ഒരു പോറൽ പോലും ഏറ്റിട്ടില്ല. നേരത്തേ ഈ ബസിലെ ജീവനക്കാരായിരുന്നു ഇരുവരും. ഉടമ ബസ് വിൽക്കാൻ തീരുമാനിച്ചപ്പോൾ ഇവർ മറ്റൊരാളേയുംകൂട്ടി ബസ് സ്വന്തമാക്കുകയായിരുന്നു. പിന്നീട് മൂന്നാമൻ മറ്റൊരു ബസ് വാങ്ങിയതോടെ പങ്കാളിത്തത്തിൽനിന്നു പിൻമാറി. എന്നാൽ ബാബുവും ജോസും ബസ് സർവീസുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു.
ലാഭമായാലും നഷ്ടമായാലും ഇന്നുവരെ സർവീസ് മുടങ്ങിയിട്ടില്ല. ഇന്ന് ഈ ബസ് സർവീസ് ഇവരുടെ മാത്രമല്ല നാടിന്റെ മുതൽക്കൂട്ടായിക്കഴിഞ്ഞു. പ്രദേശത്ത് യാത്രാദുരിതം അനുഭവിച്ചിരുന്ന കാലഘട്ടത്തിൽ ഗ്രാമീണ മേഖലയിലൂടെ സർവീസ് ആരംഭിച്ചതിന്റെ അനുഭവങ്ങളാണ് നാട്ടുകാർ പങ്കുവയ്ക്കുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് ബസിന്റെ നന്പരും സമയവും ഇന്നു മനപ്പാഠമാണ്. അതുപോലെ ജീവനക്കാരും യാത്രക്കാരും തമ്മിലും നല്ല ഇഴയടുപ്പമാണുള്ളത്.
ഓരോ യാത്രക്കാരന്റെയും സ്റ്റോപ്പ് ജീവനക്കാർക്കും സുപരിചിതമാണ്. തൊടുപുഴയിൽനിന്നു വെള്ളിയാമറ്റത്തേക്ക് ആരംഭിച്ച സർവീസ് പിന്നീട് ഗോത്രവർഗ മേഖലയായ പൂച്ചപ്രയിലേക്ക് നീട്ടുകയായിരുന്നു. ഇതോടെ യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി. 1986 സെപ്റ്റംബർ 16നാണ് ആദ്യമായി ഈ റൂട്ടിൽ അർച്ചന ബസ് സർവീസ് തുടങ്ങിയത്. ഇത് ഇപ്പോഴും തുടരുകയാണ്. ഗോത്രവർഗ മേഖലയിലേക്ക് ആദ്യമായി സർവീസ് ആരംഭിച്ച ബസുടമകളെ റോട്ടറി കമ്യൂണിറ്റി കോർപസിന്റെ നേതൃത്വത്തിൽ ആദരിച്ചിരുന്നു.
കോവിഡ് ലോക്ക്ഡൗണിനു ശേഷം സ്വകാര്യബസ് വ്യവസായം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അധികനാൾ ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഉടമകൾ പറയുന്നു. എങ്കിലും കഴിയുന്നിടത്തോളം കാലം തങ്ങളുടെ സൗഹൃദത്തിന്റെ അടയാളമായ ബസ് സർവീസ് തുടരാനാണ് ഇവരുടെ ഉറച്ചതീരുമാനം.