പുതുസംരംഭങ്ങളുടെ മികവിൽ കുടുംബശ്രീക്ക് ഉജ്വലനേട്ടം
1540616
Monday, April 7, 2025 11:20 PM IST
തൊടുപുഴ: ഉത്പാദന, സേവനരംഗത്ത് മികവാർന്ന പ്രവർത്തനങ്ങളിലൂടെ മികച്ച വരുമാനം കണ്ടെത്തി സാധാരണക്കാരായ വീട്ടമ്മമാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതികളുമായി കുടുംബശ്രീ. കഴിഞ്ഞ സാന്പത്തിക വർഷം വിവിധ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചും മേളകളിൽ പങ്കെടുത്തും കുടുംബശ്രീ ജില്ലാ മിഷൻ നേടിയത് 3.5 കോടി രൂപയുടെ വിറ്റുവരവാണ്.
മാസച്ചന്തകൾ, ഉത്സവങ്ങൾ, കലോത്സവം തുടങ്ങി പ്രത്യേക മേളകൾ, ഓണം, വിഷു മേളകൾ, ഭക്ഷ്യ, സരസ് മേളകൾ, സ്ഥിരം വിപണന കേന്ദ്രങ്ങൾ, ഒൗട്ട്ലെറ്റുകൾ, പിങ്ക് കഫേ, കുടുംബശ്രീ ബസാർ, ഡോർ ടു ഡോർ മാർക്കറ്റിംഗ്, ബ്രാൻഡിംഗ് തുടങ്ങി വൈവിധ്യമാർന്ന ചുവടുവയ്പുകളിലൂടെയാണ് കുടുംബശ്രീ ഈ നേട്ടം കൈവരിച്ചത്.
കഴിഞ്ഞവർഷം 58 മാസച്ചന്തകൾ നടത്തി. 19.65 ലക്ഷമാണ് ഇതിലൂടെ വിറ്റുവരവ് നേടിയത്. ഓണം, വിഷു, ക്രിസ്മസ്, പുതുവത്സര സമയങ്ങളിൽ 158 പ്രത്യേക ചന്തകൾ നടത്തിയതിലൂടെ 63.76 ലക്ഷം രൂപ ലഭിച്ചു. ഇതര സംസ്ഥാനങ്ങളിലും സംസ്ഥാനത്തും നടത്തിയ സരസ് മേളകളിൽ ജില്ലയിൽനിന്നുള്ള ഉത്പന്നങ്ങളെത്തിയിരുന്നു. മൂന്ന് സരസ് മേളകളിൽ ജില്ലയിൽനിന്നുള്ള 68 സംരംഭങ്ങളിലെ ഉത്പന്നങ്ങളെത്തി. 29.10 ലക്ഷമാണ് വിറ്റുവരവ് നേടിയത്.
കുടുംബശ്രീയുടെ സ്ഥിരം വിപണന കേന്ദ്രങ്ങളായ നാനോ മാർക്കറ്റ്, മാർക്കറ്റിംഗ് ഒൗട്ട്ലെറ്റുകൾ, പിങ്ക് കഫേ, കിയോസ്കുകൾ, കുടുംബശ്രീ ബസാർ എന്നിവിടങ്ങളിൽനിന്ന് 85.23 ലക്ഷം രൂപയാണ് വിറ്റുവരവുണ്ടായത്. കഞ്ഞിക്കുഴിയിലും വണ്ടിപ്പെരിയാറിലുമാണ് മാർക്കറ്റിംഗ് ഒൗട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നത്. പള്ളിവാസലിലാണ് പിങ്ക് കഫേ തുറന്നത്. ജില്ലയിൽ എട്ട് കിയോസ്കുകളും ഒരു കുടുംബശ്രീ ബസാറുമാണുള്ളത്.
വ്യവസായ, വ്യാപാര സ്ഥാപനങ്ങൾ, റിസോർട്ടുകൾ തുടങ്ങിയയിടങ്ങളിലേക്ക് 38 ലക്ഷം രൂപയുടെ ഉത്പന്നങ്ങളുടെ ഓർഡറുകൾ കിട്ടിയിരുന്നു. ചിപ്സ് ബ്രാൻഡിംഗിലൂടെ 2.29 ലക്ഷമാണ് വിറ്റുവരവ്. 3.25 ലക്ഷം രൂപയുടെ ഉത്പന്നങ്ങൾ ആമസോണ്‍, ഫ്ളിപ്പ്കാർട്ട് തുടങ്ങിയ ഓണ്‍ലൈൻ സൈറ്റുകളിലൂടെ വിറ്റുപോയി. കേന്ദ്ര സർക്കാരിൽനിന്നു ലഭിക്കുന്ന സിഇഎഫ് ഫണ്ട് 20 സിഡിഎസുകൾക്ക് വായ്പയായി 96 ലക്ഷം രൂപയും നൽകിയിട്ടുണ്ട്.
കുടുംബശ്രീയുടെ നിലച്ചുപോയ ഹോംഷോപ് ഈ വർഷം പുനരാരംഭിച്ചിരുന്നു. പോക്കറ്റ്മാർട്ട് ആപ്ലിക്കേഷനിൽ കൂടുതൽ അംഗീകാരം ലഭിച്ചത് ജില്ലയിൽനിന്നുള്ള ഉത്പന്നങ്ങൾക്കാണ്. കറിപൗഡറുകളുടെ ബ്രാൻഡിംഗിലേക്കും ഈ വർഷം കുടുംബശ്രീ കടക്കും. ജില്ലാതല ബ്രാൻഡിംഗും ഈ വർഷം ആരംഭിക്കും. മൂല്യവർധന സംരംഭങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. അടുത്ത വർഷവും വിവിധ സംരംഭങ്ങളുടെ ചിറകിലേറി കൂടുതൽ വിപണി കീഴടക്കാനൊരുങ്ങുകയാണ് കുടുംബശ്രീ ജില്ലാ മിഷൻ.