കളിത്തോഴൻ കണ്ണംപടിക്കാരുടെ "ഒറ്റക്കൊന്പൻ'
1540305
Sunday, April 6, 2025 11:52 PM IST
ടി.പി. സന്തോഷ്കുമാർ
ഇടുക്കി: വർഷങ്ങൾക്കു മുന്പ് ദുർഘടമായ കാനനപാതയിലൂടെ കിലോമീറ്ററുകളോളം യാത്ര ചെയ്തായിരുന്നു ഉപ്പുതറ പഞ്ചായത്തിലെ ആദിവാസി മേഖലയായ കണ്ണംപടി സ്വദേശികൾ പുറംലോകത്തെത്തിയിരുന്നത്. ടാക്സി ജീപ്പുകളെ ആശ്രയിച്ചാൽ വൻതുക കൂലിയായി നൽകേണ്ട അവസ്ഥയായിരുന്നു. വഴിയിൽ പലപ്പോഴും കാട്ടാനകൾ റോഡിൽ നിലയുറപ്പിച്ചുണ്ടാകും. ഈ സാഹചര്യം മറികടന്നാണ് വിവിധ ആദിവാസി ഉൗരുകളിൽനിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെ അറിവിന്റെ അക്ഷരങ്ങൾ തേടി കലാലയങ്ങളിൽ എത്തിയിരുന്നത്. ഇടുക്കി വനമേഖലയുടെ ഭാഗമാണ് കണ്ണംപടി, കിഴുകാനം, മേമാരി, പുന്നപാറ ഉൾപ്പെടെയുള്ള വിവിധ ആദിവാസി ഉൗരുകൾ.
പതിമിതമായ യാത്രാസൗകര്യം ഉണ്ടായിരുന്ന ഇതുവഴി കോതപാറ സ്വദേശിയായ ഇളംചിങ്ങത്ത് ജോസഫ് വർഗീസ് ആണ് ആദ്യമായി ബസ് സർവീസ് നടത്താൻ തീരുമാനിച്ചത്.
അങ്ങനെ 1990ൽ ആദിവാസി മേഖലയായ കിഴുകാനത്ത് ആദ്യ ബസ് സർവീസെത്തി. കട്ടപ്പനയിൽ നിന്നും ഉപ്പുതറയിലെത്തിയ ശേഷം വളകോട്, കോതപാറ, വൻമാവ് വഴിയായിരുന്നു സർവീസ്. വലിയ പാറക്കല്ലുകളും കുഴികളുമുള്ള ദുർഘടമായ റോഡിലൂടെ തടിപ്പാലം കടന്ന് ഏറെ ക്ലേശം സഹിച്ചാണ് ബസ് കിഴുകാനത്ത് എത്തിച്ചത്.
നാട്ടുകാർ ആഹ്ലാദാരവത്തോടെയാണ് ബസിനെ സ്വീകരിച്ചത്. എന്നാൽ തിരിച്ചുപോകുന്നതിനിടെ തടിപ്പാലം തകർന്ന് തോട്ടിൽ പതിച്ചു. പിന്നീട് നാട്ടുകാർ ചേർന്ന് ഈ പാലം പുനർനിർമിച്ചാണ് ബസ് സർവീസ് തുടർന്നത്.
ഇളംചിങ്ങത്ത് ട്രാവൽസിന്റെ ഒരു വാഹനം പിന്നീട് കട്ടപ്പന സ്വദേശി മോഹൻദാസ് വിലയ്ക്കു വാങ്ങിയതോടെയാണ് ബസിന് കളിത്തോഴൻ എന്ന പേരിട്ടത്. പിന്നീട് കണ്ണംപടിക്ക് മുടക്കമില്ലാതെ സർവീസ് നടത്തുന്ന കളിത്തോഴൻ നാടിന്റെ സ്പന്ദനമായി മാറി.
35 വർഷത്തോളമായി കണ്ണംപടിക്കാരുടെ പ്രധാന യാത്രാമാർഗമാണ് കളിത്തോഴൻ. ആദ്യം കിഴുകാനംവരെ സർവീസ് നടത്തിയിരുന്ന ബസ് ഇപ്പോൾ കണ്ണംപടിയും കടന്ന് പുന്നപ്പാറ ആദിവാസി കുടി വരെ സർവീസ് നടത്തുന്നുണ്ട്. രാവിലെ 6.15ന് കിഴുകാനത്തുനിന്ന് ആരംഭിച്ച് പിന്നീട് കട്ടപ്പന-കണ്ണംപടി റൂട്ടിൽ മൂന്നു സർവീസാണ് നടത്തുന്നത്.
രാവിലെ വിവിധ തൊഴിലിടങ്ങളിലേക്കു പോകുന്ന ആളുകളും വിദ്യാർഥികളുമാണ് ബസിലെ പതിവുയാത്രക്കാർ. കട്ടപ്പനയിലെ വ്യാപാര സ്ഥാപനങ്ങളിലും മറ്റും ജോലിക്കു പോകുന്നവരുടെ ആശ്രയമാണ് ഈ ബസ്. പലപ്പോഴും ബസ് യാത്രക്കിടെ കാട്ടാനകൾ വഴി തടഞ്ഞിട്ടുണ്ട്. എന്നാൽ ആനകൾ ഇതുവരെ ബസിനെ ആക്രമിച്ചിട്ടില്ല. ഇതിനിടെ പതിവായി യാത്ര ചെയ്യുന്ന യാത്രക്കാർ ചേർന്ന് കൂട്ടായ്മയും രൂപീകരിച്ചു. വിശേഷ ദിവസങ്ങളിലും മറ്റും ഇവർ ബസിൽ ആഘോഷവും നടത്തും.
കിഴുകാനം സ്വദേശിയായ രജനി സന്തോഷാണ് കളിത്തോഴൻ ബസിലെ ഇപ്പോഴത്തെ കണ്ടക്ടർ.
കോഴിമല സ്വദേശി രതീഷാണ് ഡ്രൈവർ. ബസ് വ്യവസായം നഷ്ടമായതോടെ ഉടമ മോഹൻദാസ് പല സർവീസുകളും വിറ്റെങ്കിലും ഈ ബസിനോടുള്ള ആത്മബന്ധം മൂലം സർവീസ് ഇപ്പോഴും തുടരുകയാണ്.
ഇളംചിങ്ങത്ത് ട്രാവൽസിന്റെ ഒരു ബസും രാവിലെയും വൈകുന്നേരവുമായി ഒരു ട്രിപ്പ് കണ്ണംപടിയിലേക്ക് നടത്തുന്നുണ്ട്.