റോഡിന് വീതി കൂട്ടാൻ തടസം വനംവകുപ്പ്
1540297
Sunday, April 6, 2025 11:52 PM IST
മറയൂർ: മറയൂർ-ചിന്നാർ സംസ്ഥാനപാതയിൽ ബിഎംബിസി നിലവാരത്തിൽ നടത്തുന്ന പുതിയ റോഡ് നിർമാണത്തിൽ മലഞ്ചെരിവായ പാതയിൽ പഴയ റോഡിന്റെ വീതിയിൽ മാത്രമാണ് നിർമാണമെന്ന് പരാതി. ഇത് അപകട സാധ്യത വർധിപ്പിക്കുന്നതായാണ് പരാതി. പുതിയ റോഡിന് ഉയരം കൂടിയതും വശങ്ങളിൽ കൊക്കയോട് ചേർന്നും ടാറിംഗ് നടത്തുമ്പോൾ വാഹനങ്ങൾ തെന്നിമാറി അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണ്.
മറയൂർ-ചിന്നാർ പാത കുത്തനെയുള്ള മലഞ്ചെരിവിലൂടെയാണ് കടന്നുപോകുന്നത്. കാലങ്ങളായി റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ ആയതിനാൽ വാഹനങ്ങൾ വേഗത കുറച്ചാണ് ഇത്രയും കാലം പോയിരുന്നത്. ഇപ്പോൾ ആധുനിക സംവിധാനത്തിൽ റോഡിന്റെ നിർമാണം നടത്തുന്നതിനാൽ വാഹനങ്ങളുടെ വേഗത വർധിക്കും. വാഹനങ്ങൾ വേഗത്തിൽ പോകുമ്പോൾ എതിർവശത്തുള്ള വാഹനങ്ങൾക്ക് പലഭാഗങ്ങളിലും സൈഡ് കൊടുത്ത് കയറിച്ചെല്ലാൻ പറ്റാത്ത നിലയാണ്.
കൂടാതെ, വശങ്ങളോടു ചേർന്ന് ടാറിംഗ് നടത്തിയിരിക്കുന്നതിനാൽ പല ഭാഗത്തും ഒരടി ഉയരത്തിൽ കട്ടിംഗ് രൂപപ്പെട്ടിട്ടുണ്ട്. ഈ ഭാഗങ്ങളിൽ വീതിയും കുറവാണ്. ഇതിനാൽ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധ തെറ്റിയാൽ വാഹനം കൊക്കയിൽ വീഴും. മറയൂർ മുതൽ ചിന്നാർ വരെ 16 കിലോമീറ്റർ ദൂരത്തിൽ ഭൂരിഭാഗവും സ്ഥലത്തും സംരക്ഷണഭിത്തിയില്ല. ഒരു ഭാഗത്ത് 500 അടി താഴ്ചവരെയുള്ള കൊക്കയുമാണ്.
വീതി കൂട്ടാൻ വനംവകുപ്പ് തടസം
ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ മറയൂർ മുതൽ ചിന്നാർ വരെയുള്ള 16 കിലോമീറ്റർ ദൂരത്തിൽ 14 കിലോമീറ്റർ വനത്തിനുള്ളിലാണ്. നിലവിലുള്ള വീതിയിൽ മാത്രം റോഡ് നിർമിക്കാനാണ് വനംവകുപ്പ് അനുമതി നൽകിയിരിക്കുന്നത്. നിലവിൽ നിർമിച്ചിരിക്കുന്ന റോഡന്റെ വശങ്ങളിൽ കൊക്കയുള്ളതിനാൽ ഒട്ടേറെ സ്ഥലങ്ങളിൽ സംരക്ഷണഭിത്തിയും നിർമിക്കാനുള്ള അനുമതി വനംവകുപ്പ് നൽകണം.
കടാതെ ഉള്ള സംരക്ഷണഭിത്തി പലഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞിരിക്കുകയുമാണ്. ഇത് പുനർ നിർമിക്കണമെങ്കിലും വനംവകുപ്പ് കനിയണം.