ജനപ്രതിനിധികളുടെ നിസംഗതയ്ക്കു ന്യായീകരണമില്ല: മാര്‍ മഠത്തിക്കണ്ടത്തില്‍
1487175
Sunday, December 15, 2024 4:00 AM IST
വനനിയമം: പ്രതിഷേധാഗ്നിക്കു കോതമംഗലത്ത് തുടക്കം
കോതമംഗലം: ജനത്തെ സംരക്ഷിക്കാന്‍ കഴിയാത്ത ജനപ്രതിനിധികള്‍ നിലപാടു തിരുത്തണമെന്നു കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ആവശ്യപ്പെട്ടു. ജനഹിതം അറിഞ്ഞു പ്രവര്‍ത്തിക്കേണ്ട ജനപ്രതിനിധികള്‍ വന നിയമ ഭേദഗതി നിര്‍ദേശങ്ങള്‍ അറിഞ്ഞിട്ടും മിണ്ടാതിരുന്നതു ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിര്‍ദിഷ്ട വനം നിയമ ഭേദഗതി നിര്‍ദേശങ്ങള്‍ക്കെതിരേ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നുബിഷപ്. വിദ്യാര്‍ഥികളും കച്ചവടക്കാരും അഭ്യസ്തവിദ്യരും രക്ഷപ്പെടാന്‍ കേരളം വിടുമ്പോള്‍ കര്‍ഷകര്‍ക്കു പോകാന്‍ ഇടമില്ലാത്ത അവസ്ഥയാണ്. ഈ ദുരവസ്ഥയ്ക്കു പരിഹാരം ഉണ്ടാകണം.
കേരളം മുഴുവന്‍ ഒരു വന്യജീവി സംരക്ഷണ കേന്ദ്രമാക്കി മാറ്റുന്ന നീക്കമാണോ വനംവകുപ്പ് നടത്തുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്ന രീതിയില്‍ നിയമഭേദഗതി നടത്താനുള്ള ആത്മാര്‍ഥത അധികൃതര്‍ കാണിക്കണം. ഭേദഗതിനിര്‍ദേശങ്ങള്‍ പരിപൂര്‍ണമായും പിന്‍വലിക്കണമെന്നും മാര്‍ മഠത്തിക്കണ്ടത്തില്‍ പറഞ്ഞു.
വികാരി ജനറാള്‍മാരായ മോണ്‍. പയസ് മലേക്കണ്ടത്തില്‍, മോണ്‍. വിന്‍സന്റ് നെടുങ്ങാട്ട് എന്നിവര്‍ ചേര്‍ന്ന് പ്രതിഷേധ പ്രകടനം ഫ്ലാഗ് ഓഫ് ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ, രൂപത ഡയറക്ടര്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട്, ഇന്‍ഫാം രൂപത ഡയറക്ടര്‍ ഫാ. റോബിന് പടിഞ്ഞാറെകൂറ്റ്, രൂപത ചാന്‍സലര്‍ ഫാ. ജോസ് കുളത്തൂര്‍, ഫാ. അരുണ്‍ വലിയതാഴത്ത്,
ഫാ. തോമസ് ജെ. പറയിടം, ഫാ. ജേക്കബ് വടക്കുംപറമ്പില്‍, ഷൈജു ഇഞ്ചക്കല്‍, ജിജി പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. തോമസ് ചെറുപറമ്പില്‍, ഫാ. ജോസ് പുല്പറമ്പില്, അബി മാത്യു കാഞ്ഞിരപ്പാറയില്‍, സനല്‍ പാറങ്കിമാലില്‍, ജോര്‍ജ് മങ്ങാട്ട്, ബിജു വെട്ടിക്കുഴ, സോണി പാമ്പക്കല്, ബിനോയി പള്ളത്ത്, ബേബിച്ചന് നിധിയിരിക്കല്‍, പീറ്റര്‍ പൈലി പറയിടം തുടങ്ങിയവർ പ്രതിഷേധസംഗമത്തിനു നേതൃത്വം നല്കി.
നഗരത്തില്‍ നടത്തിയ പന്തം കൊളുത്തി പ്രതിഷേധ പ്രകടനത്തില്‍ വൈദികരും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിനു പേര് പങ്കെടുത്തു. നിയമഭേദഗതി നിര്‍ദേശങ്ങളുടെ പകര്‍പ്പ് പ്രതിഷേധ പരിപാടിയില്‍ കത്തിച്ചു.